ശബരിമലയിൽ ഭക്തർക്കായി നേരിട്ടു നടത്തുമെന്ന് അറിയിച്ച തിരുവോണ സദ്യ സംബന്ധിച്ച് സന്നിധാനത്തെ മെസ് നടത്തിപ്പുകാർക്ക് വ്യക്തമായ നിർദേശം നൽകാതെ ദേവസ്വം ബോർഡ്. ദിവസവും ഭക്ഷണം ഒരുക്കുന്ന അതേ നിരക്കിൽ തന്നെ തിരുവോണ ദിവസം ഇലയിൽ സദ്യ നൽകണമെന്നാണു നിർദേശം.
മൂന്നു നേരത്തെ ഭക്ഷണത്തിന് 72 രൂപയ്ക്കാണു മെസ് നടത്തിപ്പ് കരാർ പിടിച്ചിട്ടുള്ളത്. ഇതിനു പുറമേ സദ്യയുള്ള ദിവസങ്ങളിൽ 50 രൂപകൂടി നൽകാറുണ്ട്.
ഈ തുകയ്ക്കുള്ളിൽ എങ്ങനെയാണു സദ്യ നൽകുകയെന്നാണു മെസ് ജീവനക്കാർ ആരായുന്നത്. മെസ് നടത്തിപ്പുകാരോടു തിരുവോണദിവസം അൽപം ഭക്ഷണം കൂടുതൽ തയാറാക്കണമെന്നു വാക്കാൽ പറയുക മാത്രമാണു ചെയ്തിരുന്നത്.
എന്നാൽ ഭക്തർക്കു സദ്യ നൽകുമെന്നു ദേവസ്വം ബോർഡ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. തുടർന്ന് ഇക്കാര്യത്തിൽ തനിക്കു നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നു മെസ് നടത്തിപ്പ് കരാർ എടുത്തയാൾ ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിച്ചിരുന്നു.
ഭക്തർക്കു കൂടി സദ്യ നൽകണമെങ്കിൽ കൂടുതൽ പച്ചക്കറിയും മറ്റും സന്നിധാനത്ത് എത്തിക്കേണ്ടതുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടില്ല.
ഒരു വാഴയിലിയ്ക്ക് 8 രൂപയിലധികം ചെലവു വരുന്നുണ്ട്. മൂന്നു നേരത്തെ ഭക്ഷണത്തിന് 72 രൂപ മാത്രം ലഭിക്കുമ്പോൾ ഇലയിൽ സദ്യ നൽകുക പ്രായോഗികമല്ല.
മകരവിളക്കിനു സന്നിധാനത്തു സദ്യ ഒരുക്കിയതിന്റെ പണം കുടിശികയാണെന്നും നടത്തിപ്പുകാർ പറയുന്നു. ആദ്യമായാണു തിരുവോണസദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.
മുൻപു മേൽശാന്തി, പൊലീസ്, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരാണ് ഓരോ ദിവസങ്ങളിൽ സദ്യ നടത്തിയിരുന്നത്. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണു ഓണസദ്യ നേരിട്ടു നടത്താൻ തീരുമാനിച്ചതെന്നാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

