തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നിയമനടപടികൾ കർശനമാക്കുന്നു. ഈ കേസിലെ 9-ാം പ്രതിയായ ഹരീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷമായ അതൃപ്തിയുമായി അന്വേഷണ സംഘം രംഗത്തെത്തി.
പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. കൂടാതെ, പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപ്പീൽ നൽകാനും പൊലീസ് തീരുമാനിച്ചു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്നലെ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.
അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയെ കൂടുതൽ കാലം കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഈ പ്രസ്താവനയാണ് പ്രതിക്ക് അനുകൂലമായ വിധി വരാൻ കാരണമായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ കർശനമായി എതിർത്ത് നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു വിരുദ്ധമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തത് അന്വേഷണത്തെ ബാധിച്ചെന്നാണ് പൊലീസിന്റെ ആരോപണം.
മെഡിക്കൽ റെപ്രസന്റേറ്റീവായ താൻ ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നുവെന്നും ആക്രമണത്തിൽ പങ്കാളിയല്ലെന്നുമാണ് ഹരീഷ് കുമാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. അതേസമയം, കേസിൽ കക്ഷി ചേരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പ്രത്യേക അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

