
പെരിയ ∙ ചെറുവത്തൂരിലെ വീരമലക്കുന്ന് ഇല്ലാതാകുന്നതിന്റെ ആകുലത രണ്ടര വർഷം മുൻപേ ചിത്രകാരൻമാരുടെ കൂട്ടായ്മ കാൻവാസിൽ വരച്ചുകാട്ടി. ചിത്രകാർ കേരളയുടെ നേതൃത്വത്തിൽ 2023 ജനുവരി 14 ന് വീരമലക്കുന്നിൽ ‘മണ്ണീർ’ എന്ന പേരിൽ നടന്ന ചിത്രകലാക്യാംപിലാണ് ഇരുപതോളം ചിത്രകാരൻമാർ, ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീരമലക്കുന്നിടിച്ച് ഒട്ടേറെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും ജലസ്രോതസും ഇല്ലാതാക്കുന്നതിനെക്കുറിച്ച് സ്ഥലത്തു പോയി വരച്ച ചിത്രങ്ങളിലൂടെ മുന്നറിയിപ്പു നൽകിയത്.
വീരമലക്കുന്നിനുമുകളിലെ പള്ളങ്ങളും കോട്ടയുടെ അവശിഷ്ടവും പുൽമേടിൽ പശുക്കൾ മേയുന്നതും അന്നു നിറങ്ങളിൽ നിറഞ്ഞപ്പോൾ ഇത് ‘ജീവനുള്ള’ വീരമലക്കുന്നിന്റെ അവസാന ഫ്രെയിമുകളായേക്കുമെന്ന് ചിത്രകാരൻമാർ പറയാതെ പറയുകയായിരുന്നു.
ക്യാംപിനു നേതൃത്വം നൽകിയ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ വീരമലക്കുന്നിലെ മണ്ണുമാത്രമുപയോഗിച്ച് തയാറാക്കിയ നിറത്തിൽ വരച്ച ‘കുന്നിന്റെ തീർഥാടനം’ എന്ന ചിത്രം ശ്രദ്ധേയമായിരുന്നു.
കുന്നിനെ ലോറിയിൽ കൊണ്ടുപോകുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് രാജേന്ദ്രൻ വരച്ചത്. അനൂപ് മോഹൻ, സനിൽ ബങ്കളം, ബബീഷ്, ശ്രീനാഥ് ബങ്കളം, സുചിത്ര മധു, ഷീബ ഈയ്യക്കാട്, അനീഷ് ബന്തടുക്ക, സൗമ്യ ബാബു, പ്രിയ കരുണൻ, സിമി കൃഷ്ണൻ, ലിഷ ചന്ദ്രൻ, ലിജി അങ്കക്കളരി തുടങ്ങിയ ചിത്രകാരൻമാരും അന്നു വീരമലക്കുന്നിലെ ക്യാംപിൽ പങ്കെടുത്തിരുന്നു.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അന്നു കുന്നിടിക്കൽ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ.
ഇത്രത്തോളം ഭീകരമായി മാറുമെന്നു കരുതിയില്ല. ഇത് വികസനത്തിന്റെ പേരിൽ നാം തന്നെ വരുത്തിവച്ച ദുരന്തമാണ്.
ആവാസവ്യവസ്ഥ തകർത്തുകൊണ്ടുള്ള വികസനം ദുരന്തമായി മാറിയതിന്റെ നേരനുഭവങ്ങൾ നുമുക്ക് മുൻപിലുണ്ടായിട്ടും നാം പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് വീരമലയിൽ സംഭവിക്കുന്നത്.
രാജേന്ദ്രൻ പുല്ലൂർ, ചിത്രകാരൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]