എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിൽ, നാറ്റ്കോ മരുന്ന് കമ്പനി അധികൃതരുമായി ആരോഗ്യ മന്ത്രി കെ.
മുരളീധരൻ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ തലത്തിൽ ചർച്ചയാകുന്നു. കമ്പനിയുടെ ജനറിക് മരുന്ന് എസ്എംഎ രോഗികള്‍ക്ക് നല്‍കുന്നതിനുള്ള ഫയല്‍ നീക്കം നടക്കുന്നതിനിടെയാണ് മന്ത്രിയുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്.
യോഗത്തിൽ കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്എടി (ശ്രീ അവിട്ടം തിരുന്നാൾ) ആശുപത്രി മേധാവി ഡോ. ഐ.
റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ. ബിജുവും പങ്കെടുത്തിരുന്നു.
മന്ത്രിയും മരുന്ന് കമ്പനി പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചീഫ് ഫാര്‍മസിസ്റ്റ് എന്തിന് പങ്കെടുക്കണം എന്ന ചോദ്യവും ഇതിനിടെ ഉയർന്നിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തതണ (സിഎസ്ആർ) ഫണ്ടുമായാണ് ബന്ധമെന്ന് മന്ത്രി വ്യക്തമാക്കി.
‘‘നാറ്റ്കോ കമ്പനി അധികൃതർ വന്ന് കണ്ടത് സിഎസ്ആർ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. കാശ് വാങ്ങാനാണെങ്കിൽ ഫോട്ടോ എടുക്കുമോ.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് എസ്എടി ആശുപത്രിയിലെ സിഎസ്ആർ ഫണ്ടിനായി നാറ്റ്കോ കമ്പനിയെ സമീപിച്ചത്. അന്ന് യുഡിഎഫ് സർക്കാർ വന്നിട്ടില്ല’’ – മന്ത്രി കെ.
മുരളീധരൻ വ്യക്തമാക്കി. ആശുപത്രിക്കുള്ള സിഎസ്ആർ ഫണ്ട് കൈമാറ്റം എന്നതിനപ്പുറം ആരോഗ്യമന്ത്രിയുമായി മറ്റ് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസിൽ മിനിറ്റുകൾ മാത്രമാണ് ചർച്ച നീണ്ടതെന്നും മന്ത്രിയും നാറ്റ്കോ കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ മധ്യസ്ഥനായ എസ്എടി ആശുപത്രിക്ക് കീഴിലുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ ചീഫ് ഫാർമസിസ്റ്റ് എ.
ബിജു വ്യക്തമാക്കി. സ്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്കു കുറഞ്ഞ വിലയ്ക്കു മരുന്നു വിതരണം ചെയ്ത ഹൈദരാബാദ് കമ്പനിയായ നാറ്റ്കോ, എസ്എടി ആശുപത്രിക്ക് കീഴിലുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ ഒരു വർഷം നൽകുന്നത് ഇരുപത് കോടിയിലേറെ രൂപയുടെ മരുന്നുകളാണ്.
കഴിഞ്ഞ 5 വർഷമായി രാജ്യത്ത് ഏറ്റവുമധികം മരുന്നുകൾ നാറ്റ്കോ വിൽക്കുന്നത് ഇൻഹൗസ് ഡ്രഗ് ബാങ്കിലേക്കാണ്. ചിക്കൻപോക്സ് ബാധിക്കുന്ന കുട്ടികളെ ചികിത്സിക്കുന്ന വാർഡ് പുതുക്കി പണിയുന്നതിനായി ഇത്തവണ ആശുപത്രിയിലേക്ക് സിഎസ്ആർ ഫണ്ട് വേണമെന്ന് ഡ്രഗ് ഹൗസ് ബാങ്കിലെ ചീഫ് ഫാർമസിസ്റ്റായ ബിജുവാണ് കമ്പനിയോട് ആവശ്യപ്പെട്ടത്.
2025ൽ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ആശുപത്രി ആവശ്യപ്പെട്ടിരുന്നു. അത്തവണ രാജസ്ഥാനിലെ ഒരു ആശുപത്രിക്ക് നൽകിയതിനാൽ 2026ലെ ഫണ്ട് നൽകാമെന്നായിരുന്നു അറിയിച്ചത്.
ഇതേ തുടർന്ന് ആശുപത്രി സൂപ്രണ്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് നൽകാൻ നാറ്റ്കോ ആവശ്യപ്പെട്ടു. ഒരു കോടി രൂപ വരെയാണ് നാറ്റ്കോ പ്രതീക്ഷിച്ചത്.
എന്നാൽ 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ആശുപത്രി നൽകിയത്. 75 ലക്ഷം രൂപ നൽകാമെന്നും ബാക്കി 15 ലക്ഷം രൂപയ്ക്കും ഉപകരണം വാങ്ങാമല്ലോ എന്നുമായിരുന്നു കമ്പനിയുടെ നിലപാട്.
അതിന്റെ നടപടിക്രമങ്ങൾ നടക്കുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4-നാണ് 25 ലക്ഷം രൂപ ആദ്യ ഗഡുവായി അക്കൗണ്ടിലേക്ക് അയച്ചത്.
അതിനുശേഷം മന്ത്രിയെ കാണാൻ കഴിയുമോയെന്ന് നാറ്റ്കോ അധികൃതർ ചോദിച്ചു. ചീഫ് ഫാർമസിസ്റ്റായ ബിജു ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യമൊരുക്കിയത്.
മന്ത്രിസഭായോഗം കഴിഞ്ഞ ശേഷം കാണാമെന്നായിരുന്നു തീരുമാനം. യോഗം കഴിഞ്ഞ് മന്ത്രി എത്തിയതോടെ മന്ത്രിയുടെ പക്കൽ കാര്യം പറഞ്ഞ ശേഷം സിഎസ്ആർ ഫണ്ട് അനുവദിച്ചു എന്ന കത്ത് കൈമാറുകയും ഫോട്ടോ എടുക്കുകയുമായിരുന്നു.
മറ്റ് ആശുപത്രികൾക്ക് കൂടി സിഎസ്ആർ ഫണ്ട് കൊടുക്കണേ എന്നാണ് ഈ സമയം മന്ത്രി കമ്പനി അധികൃതരോട് പറഞ്ഞത്. രണ്ട് ഗഡുവായി നാറ്റ്കോ ആശുപത്രി അക്കൗണ്ടിലേക്ക് പണം നൽകി കഴിഞ്ഞു.
വരുന്ന ആഴ്ച ബാക്കി 25 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുമെന്നാണ് വിവരം. ആർസിസി, മലബാർ കാൻസർ സെന്റർ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്ക് ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴിയാണ് നാറ്റ്കോ മരുന്ന് എത്തിക്കുന്നത്.
നാറ്റ്കോ പരമാവധി സഹായിക്കുന്ന കമ്പനിയാണെന്നും എസ്എടിയുടെ ദുരവസ്ഥ കണ്ടാണ് അവർ മുന്നോട്ടുവന്നതെന്നും ചീഫ് ഫാർമസിസ്റ്റായ എ. ബിജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

