വേഗം മടങ്ങിവരാമെന്നു വാക്കുപറഞ്ഞ് യാത്രതിരിച്ച മകൾ ചേതനയറ്റു മടങ്ങിയെത്തിയതിന്റെ വേദനയിലാണ് പാമ്പാടി കടവുംഭാഗം വീട്. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
കൃപ മെറിൻ കുര്യാക്കോസിന്റെ (24) സംസ്കാര ചടങ്ങുകൾ കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ നടന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള മകളുടെ ചിത്രം നെഞ്ചോടു ചേർത്തുപിടിച്ചാണ് പിതാവ് ഫാ.
കുര്യാക്കോസ് അന്തിമ ശുശ്രൂഷകളിൽ പങ്കെടുത്തത്. മാതാവ് അനിതയെയും സഹോദരൻ കിരണിനെയും ആശ്വസിപ്പിക്കാൻ എത്തിയവരുടെ കണ്ണുകളും ഈറനണിഞ്ഞു.
ഇടവകപ്പള്ളിയിലെ പെരുന്നാളിനായി മക്കൾ ഒത്തുകൂടിയ സന്തോഷത്തിലായിരുന്ന വീട്ടിലേക്ക് അപ്രതീക്ഷിതമായി ദുരന്തവാർത്തയെത്തുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പ്രദേശത്ത് വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
ഒരു മണിക്കൂർ മാത്രമാണ് വീട്ടിൽ പൊതുദർശനം ഉണ്ടായത്. തുടർന്ന് ഭൗതികശേേഷം പള്ളിയോടു ചേർന്നുള്ള ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്ററിലേക്കു മാറ്റി.
യാക്കോബായ സഭയിലെയും ഇതര ക്രൈസ്തവ സഭകളിലെയും മെത്രാപ്പൊലീത്തമാരും വൈദികരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി. ദുരന്തത്തിൽ കൃപയ്ക്കൊപ്പം ജീവൻ നഷ്ടപ്പെട്ട
ആഷ്ലി ആൻ തോമസിന്റെ പിതാവ് വി.വി. തോമസ് (കൊച്ചുമോൻ), മാതാവ് മേരി തോമസ് (പൊന്നമ്മ), സഹോദരൻ ആൽവിൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
രണ്ട് കുടുംബങ്ങളുടെയും തീരാദുഃഖം ഒന്നായിമാറിയ ആ കൂടിക്കാഴ്ച അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഭവനത്തിലെ ശുശ്രൂഷകൾക്കും, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.
തോമസ് മാർ തിമോത്തിയോസ് പള്ളിയിലെ ശുശ്രൂഷകൾക്കും മുഖ്യകാർമികത്വം വഹിച്ചു. വിവിധ സഭാകളിലെ പ്രമുഖ മെത്രാപ്പൊലീത്തമാരായ ഗീവർഗീസ് മാർ അത്തനാസിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, സക്കറിയാസ് മാർ പീലക്സിനോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ അന്തിമോസ്, ഗീവർഗീസ് മാർ ദിവന്നാസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തിമോത്തിയോസ്, ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, ജോസഫ് മാർ ബർന്നബാസ് എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, തോമസ് ചാഴികാടൻ, ഫാ. റോയി ജോർജ് കട്ടച്ചിറ, തമ്പു ജോർജ് തുകലൻ, ജേക്കബ് സി.മാത്യു തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കഴിഞ്ഞ ദിവസം രാവിലെ 8.45ന് കോത്തല എടക്കരപ്പടിയിലുണ്ടായ വാഹനാപകടത്തിലാണ് ഉറ്റ സുഹൃത്തുക്കളായ പാമ്പാടി കടവുംഭാഗം വീട്ടിൽ കൃപ മെറിൻ കുര്യാക്കോസ്, മീനടം വട്ടക്കാവുങ്കൽ വീട്ടിൽ ആഷ്ലി ആൻ തോമസ് (മാളു–25) എന്നിവർ മരണമടഞ്ഞത്. യാത്രയ്ക്കിടെ മുന്നിൽപോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
ഇവരുടെ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു. ആഷ്ലിയുടെ സംസ്കാരം ഇന്നുനടക്കും ആഷ്ലി ആൻ തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
രാവിലെ പത്തിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ, ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ് തുടങ്ങിയവർ ഭവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചു. സ്വപ്നങ്ങൾ ബാക്കിയാക്കി ആഷ്ലിയുടെ മടക്കം “ഇനി ഞാൻ വെറും ആഷ്ലിയല്ല, ഐസിസിഎ ആഷ്ലിയാണ്.
ഇനി കുറച്ചുകൂടി സ്റ്റൈലിൽ നടക്കണം. ’’ ഐസിസിഎ പരീക്ഷ പാസായ സന്തോഷത്തിൽ ആഷ്ലി ആൻ തോമസ് പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുമ്പോൾ പിതാവ് വി.വി.തോമസിന് സങ്കടം അടക്കാനാകുന്നില്ല.
പുതിയ ലാപ്ടോപ് വാങ്ങണം, പഠനവിജയത്തിനു പിന്നാലെ പുതിയൊരു ജീവിതം കെട്ടിപ്പൊക്കണം എന്നൊക്കെയുള്ള വലിയ സ്വപ്നങ്ങളായിരുന്നു ആഷ്ലിയുടെ മനസ്സിലുണ്ടായിരുന്നത്. കുട്ടിക്കാനം മരിയൻ കോളജിലെ പഠനശേഷം ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ആഷ്ലി, ഐസിസിഎ പഠനം പൂർത്തിയാക്കാനാണ് തിരിച്ചെത്തിയത്.
വീട്ടിലിരുന്ന് ഓൺലൈനായി പഠനം പൂർത്തിയാക്കി പരീക്ഷാഫലം വന്നതോടെ വിജയത്തിന്റെ തിളക്കത്തിലായിരുന്നു അവൾ. എന്നാൽ ആ സന്തോഷങ്ങൾ അനുഭവിക്കാൻ കാത്തുനിൽക്കാതെയാണ് ആഷ്ലിയുടെ വേർപാട്.
ആത്മബന്ധത്തിന്റെ അടയാളങ്ങൾ കൃപയെ ആഷ്ലി വിളിച്ചിരുന്നത് ‘എന്റെ കൃപ’ എന്നായിരുന്നു. തിരിച്ച് കൃപ അവളെ ‘പല്ലി’ എന്ന ഓമനപ്പേരിലുമാണ് വിളിച്ചിരുന്നത്.
പഠനവും യാത്രകളും സന്തോഷങ്ങളും ഒരുപോലെ പങ്കുവെച്ചവരായിരുന്നു ഇരുവരും. കൃപ ഓസ്ട്രേലിയയിലേക്ക് ചേക്കേറിയെങ്കിലും ഇവരുടെ സൗഹൃദത്തിന് ഒരിക്കലും മാറ്റം വന്നിരുന്നില്ല.
അവധിക്കു നാട്ടിൽ വരുമ്പോഴെല്ലാം കൃപ ആദ്യം ഓടിയെത്തിയിരുന്നത് ആഷ്ലിയെ കാണാനാണ്. കാനത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാൻ കാറിനു പകരം വേഗം ചെന്നെത്താമെന്ന കരുതലിലാണ് അന്ന് ഇരുവരും സ്കൂട്ടർ തിരഞ്ഞെടുത്തത്.

