മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നു.
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചതോടെ പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യം വീണ്ടും ജനശ്രദ്ധയിലേക്ക് എത്തുകയാണ്.
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. പുതിയ സർക്കാർ അധികാരത്തിലെത്തി അധികനാൾ പിതായും മുൻപ് തന്നെ ഈ വിഷയം എങ്ങനെ പരിഗണനയിൽ വന്നു എന്നതിനെക്കുറിച്ചും, ഈ ആവശ്യത്തിന്റെ ഗൗരവത്തെക്കുറിച്ചും മൂവാറ്റുപുഴ എംഎൽഎ ഡോ.
മാത്യു കുഴൽനാടൻ നിലപാട് വ്യക്തമാക്കുന്നു. വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും, മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഈ പ്രദേശങ്ങളിലെല്ലാം യുഡിഎഫ് ശക്തമായി ജയിച്ചുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇത്തരം ചർച്ചകൾക്ക് അനുകൂല അന്തരീക്ഷം ഒരുക്കുന്നത്. എന്നാൽ, ഇത്രയും കാലം ഈ പ്രദേശം നേരിട്ട
അവഗണനകൾ വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എറണാകുളം ജില്ലയുടെ വികസനരീതി പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും.
ജില്ലയിലേക്ക് ഏത് രീതിയിൽ ഫണ്ട് എത്തിയെത്തിയാലും നഗരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് പലപ്പോഴും മുൻഗണന നൽകുന്നത്.
ഇതിനിടയിൽ കിഴക്കൻ മേഖലകൾ പൂർണ്ണമായി തഴയപ്പെടുന്നു. മൂവാറ്റുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കും സമാനമായ ദുർവിധി നേരിടേണ്ടി വന്നിട്ടുണ്ട്.
മുൻ പിണറായി സർക്കാർ അനുവദിച്ച വിവിധ പദ്ധതികൾ, ബൈപ്പാസുകൾ, 450 കോടിയുടെ റോഡ് വികസന പദ്ധതികൾ എന്നിവയെല്ലാം പിന്നീട് മരവിപ്പിക്കുകയാണ് ഉണ്ടായത്. മൂവാറ്റുപുഴയോട് പ്രതികാരബുദ്ധിയോടെയാണ് മുൻ സർക്കാർ പെരുമാറിയതെന്നും കടുത്ത അവഗണനയാണ് ഈ പ്രദേശം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരമേറ്റയുടൻ തന്നെ ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം ആദ്യമായി മൂവാറ്റുപുഴയിൽ എത്തിയപ്പോൾ തന്നെ പുതിയ ജില്ലയെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. പുതിയ ബജറ്റിൽ തന്നെ പുതിയ ജില്ലകൾ രൂപീകരിക്കുമെന്ന സൂചന അന്ന് അദ്ദേഹം നൽകിയിരുന്നു.
മൂവാറ്റുപുഴയുടെ പേര് പ്രത്യേകമായി അന്ന് പരാമർശിച്ചിട്ടില്ലെങ്കിലും, പുതിയ ജില്ലകൾ ഉണ്ടാകുമെന്ന നിലപാടിലാണ് സർക്കാർ ഉള്ളത്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മിഷൻ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ഈ നടപടിയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മൂവാറ്റുപുഴയ്ക്ക് മാത്രം പ്രത്യേക പരിഗണന വേണമെന്ന വാശിയില്ലെന്നും, ഇതുപോലെ തികച്ചും ന്യായമായ ആവശ്യമുയർത്തുന്ന എല്ലാ പ്രദേശങ്ങൾക്കും അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ നിലവിലുള്ള 14 ജില്ലകൾ മാത്രം പോരെന്നും, അതിനുമപ്പുറത്തേക്ക് പുതിയ ജില്ലകൾ രൂപീകരിക്കപ്പെടണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

