രാജ്യത്തുടനീളം നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കുചേരാൻ എത്തിയ മൂന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു. ഞായറാഴ്ച നടന്ന പരീക്ഷയിൽ ഏകദേശം 22 ലക്ഷത്തോളം വിദ്യാർഥികളാണ് അണിനിരന്നത്.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദേശം ഉണ്ടായിരുന്നു. എന്നാൽ, ബെംഗളൂരു നഗരത്തിൽ നടന്ന കോൺഗ്രസ് റാലിയെത്തുടർന്ന് ഉണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്ക് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയായിരുന്നു.
പരീക്ഷാ കേന്ദ്രത്തിന് മുന്നിലെത്തിയിട്ടും കൃത്യസമയത്ത് എത്താൻ സാധിക്കാത്ത മൂന്ന് വിദ്യാർഥികളെ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തങ്ങളുടെ നിസ്സഹായാവസ്ഥ ബോധിപ്പിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്നും വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ വെച്ച് പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വിദ്യാർഥികളിൽ ഒരാളുടെ പിതാവായ കൃഷ്ണമൂർത്തി എൻഡിടിവിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഒരു അച്ഛനെന്ന നിലയിൽ ഞാൻ പരിഭ്രാന്തനായി. ഫൂട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കേണ്ടിവന്നു.
പൊലീസ് ശാസിച്ചു. പക്ഷേ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
രാഷ്ട്രീയ റാലികൾ നഗരത്തിന് പുറത്താണ് നടത്തേണ്ടത്.” സാധാരണയായി 20 മിനിറ്റ് കൊണ്ട് പിന്നിടാവുന്ന ദൂരം കടക്കാൻ അന്ന് 35 മിനിറ്റിലധികം വേണ്ടിവന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പരീക്ഷാ ദിവസം തന്നെ റാലി സംഘടിപ്പിച്ച പാർട്ടിയുടെ നടപടിക്കെതിരെ രക്ഷിതാക്കൾ രൂക്ഷമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
“വിദ്യാർഥികളുടെ അവകാശത്തിനായല്ലേ രാഹുൽ ഗാന്ധി കോട്ടയിലേക്ക് പോയത്? എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ പരിപാടി കാരണം ഇന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ആരാണ് ഇതിനു ഉത്തരവാദി’’ എന്ന് മറ്റൊരു രക്ഷിതാവ് ചോദിച്ചു.
സംഭവം രാഷ്ട്രീയമായി ഏറ്റെടുത്ത ബിജെപി, കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. നീറ്റ് പരീക്ഷ നടക്കുന്ന കാര്യം അറിഞ്ഞിട്ടും റാലിയുടെ സമയം മാറ്റാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് ബിജെപി എംപി സുധാംശു ത്രിവേദി കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ താൽപര്യങ്ങളെക്കാൾ രാഷ്ട്രീയ നേട്ടത്തിനാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വിവാദങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് രംഗത്തെത്തി.
“വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ടെന്ന്” അദ്ദേഹം പറഞ്ഞു. ഗതാഗത മുന്നറിയിപ്പുകളും ഹെൽപ്പ്ലൈൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നുവെന്ന് അവകാശപ്പെട്ട
അദ്ദേഹം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ടോയെന്നും തിരിച്ചുചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

