നൂൽചിത്രകലയിൽ പുതിയ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. കഴിഞ്ഞ ദിവസം ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി ഓപ്പൺ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് 7,340 മീറ്റർ നൂലും 269 ആണിയും ഉപയോഗിച്ച് പ്രശസ്ത ചലച്ചിത്ര താരം മോഹൻലാലിന്റെ വലിയ നൂൽചിത്രം രഞ്ജിത്ത് പൂർത്തിയാക്കിയത്.
വെറും 9 മണിക്കൂർ കൊണ്ടാണ് ഈ ദൃശ്യവിസ്മയം അദ്ദേഹം തയ്യാറാക്കിയത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് പീപ്പിൾസ് ലൈബ്രറി ഭരണസമിതി അംഗം കൂടിയായ രഞ്ജിത്ത് ഈ കലാവിഷ്ക്കാരം സംഘടിപ്പിച്ചത്.
സൂപ്പർ ഹിറ്റ് ചിത്രമായ ‘ലൂസിഫർ’ സിനിമയിലെ മോഹൻലാലിന്റെ പ്രശസ്തമായ ഭാവമാണ് ചിത്രത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്. 2023-ൽ സമൂഹമാധ്യമങ്ങൾ വഴിയാണ് രഞ്ജിത്ത് നൂൽചിത്ര നിർമാണരീതി സ്വയം പഠിച്ചെടുത്തത്.
അതിനുശേഷം ഇതുവരെ പ്രമുഖരായ 58 പേരുടെ ചിത്രങ്ങൾ അദ്ദേഹം ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒരുക്കുമ്പോൾ കടുത്ത ഏകാഗ്രതയും കൃത്യതയും ആവശ്യമാണെന്ന് രഞ്ജിത്ത് വ്യക്തമാക്കുന്നു.
ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി ഓപ്പൺ ഹാളിൽ നടന്ന നൂൽചിത്ര നിർമാണ ചടങ്ങ് ഡൽഹിയിലെ കേരള പ്രതിനിധി ജി.ദേവരാജൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.ബിൻഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ജനപ്രതിനിധികളായ സി.ബാബു, എ.നിസാർ, ജെ.മോഹനൻ പിള്ള, നുജുമുദ്ദീൻ, മാസ്റ്റർ ഗ്രൂപ്പ് ഡയറക്ടർ എസ്.ഷാനവാസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

