തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ക്യാംപെയിനുകൾ ഏറ്റെടുക്കുന്നതിൽ അഖിലേന്ത്യ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സിജെപി നടത്തിയ പ്രതിഷേധ സമരത്തിന് യഥാർത്ഥത്തിൽ നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ ആയിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, സിജെപി സമരത്തിൽ എഎ റഹീമിന് ഉൾപ്പെടെയുള്ളവർക്ക് മികച്ച രീതിയിൽ ഇടപെടാനും പ്രക്ഷോഭത്തിന്റെ മുഖമാകാനും കഴിഞ്ഞിട്ടുണ്ടെന്നും പ്രതിനിധികൾ വിലയിരുത്തി.
പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള കമ്മിറ്റികളാണ് പ്രവർത്തന റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. സംഘടനയിലേക്ക് പുതിയ തലമുറയെ അഥവാ ജെൻ സികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പ്രവർത്തന ശൈലിയിൽ അടിമുടി മാറ്റങ്ങൾ വരുത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന നിർദ്ദേശവും മുന്നോട്ടുവെക്കപ്പെട്ടു. പരമ്പരാഗത രീതികൾ ഉപേക്ഷിച്ച് പുതുതലമുറയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സംഘടന മാറേണ്ടതുണ്ട്.
സംഘടനയുടെ ജന്മനാടായ പഞ്ചാബിൽ പോലും സ്വാധീനം കുറഞ്ഞുവരുന്നതായി സമ്മേളനത്തിൽ ആശങ്ക ഉയർന്നു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്വട്ടേഷൻ, ലഹരി സംഘങ്ങളിൽ നിന്നും യുവജനങ്ങളെ അകറ്റി നിർത്താൻ സംഘടന ശക്തമായ ഇടപെടലുകൾ നടത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
കൂടാതെ, സംഘടനയ്ക്കുള്ളിൽ വേണ്ടത്ര സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

