നെന്മാറയിലെ ബോയൻ ഉന്നതി തിരുത്തംപാടം പാടശേഖരത്തിലേക്കുള്ള പാതയോരത്തെ വീടുകൾ ഇന്നും ഭീതിയോടെയാണ് ഈ സംഭവത്തെ ഓർക്കുന്നത്. സുധാകരനും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയും താമസിച്ചിരുന്ന വീട് ഉൾപ്പെടെ നാല് വീടുകൾ കാടുപിടിച്ചു നശിച്ച നിലയിലാണ്.
ഈ പാതയുടെ മറുഭാഗത്താണ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ ചെന്താമരയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭീഷണി ഭയന്നാണ് സമീപവാസിയായ പുഷ്പയും കുടുംബവും വീട് പൂട്ടി തമിഴ്നാട്ടിലേക്ക് താമസം മാറിയത്.
ചെന്താമരയുടെ വീടിന്റെ പ്രധാന വാതിൽ തകർന്നു കിടക്കുന്നതും അകത്തെ അലമാരകൾ തീയിട്ടു നശിപ്പിച്ചതും ഇന്നും പ്രദേശവാസികളിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. പ്രതി ശിക്ഷിക്കപ്പെട്ട് മടങ്ങിവരില്ലെന്ന് ഉറപ്പായ ശേഷം മാത്രമേ തങ്ങൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയുള്ളൂവെന്ന് പുഷ്പയും കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടുകാരുടെ ആശങ്കകൾ ഇങ്ങനെ:
‘‘വധശിക്ഷ വിധിച്ചതു നല്ല കാര്യം. പക്ഷേ, ശിക്ഷ നടപ്പാക്കണം.
അല്ലാത്തിടത്തോളം സമാധാനമായി നാട്ടിൽ കഴിയാനാകില്ല’’ എന്ന് പ്രദേശവാസിയായ ഒരു സ്ത്രീ പ്രതികരിച്ചു. ചെന്താമരയുമായി സൗഹൃദമുണ്ടായിരുന്ന മറ്റൊരു നാട്ടുകാരൻ പറഞ്ഞതിങ്ങനെ: ‘‘നാടിന്റെ പേര് ഇത്രയും മോശമാക്കിയില്ലേ അവൻ? നാട്ടുകാർക്കെല്ലാം അവനെ പേടിയുമാണ്.’’ ആദ്യ കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങിയപ്പോൾ അബദ്ധം പറ്റിയെന്ന് ഇയാൾ പറഞ്ഞിരുന്നുവെന്നും, എന്നാൽ മൂന്നാം ദിവസം തന്നെ ഇരട്ടക്കൊലപാതകം നടത്തിയെന്നും സുഹൃത്തുക്കൾ ഓർക്കുന്നു.
‘‘അതു പറഞ്ഞ് മൂന്നാം ദിവസമാണു രണ്ടു പേരെ കൊലപ്പെടുത്തിയത്. ആ മാനസിക നില ആർക്കും പിടികിട്ടുന്നില്ല.
തൂക്കിക്കൊന്നോളാനല്ലേ കോടതിയോടും പറഞ്ഞത്.’’
നിർണായകമായ തെളിവുകൾ
ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് ചെന്താമരയ്ക്കെതിരായ വിധിയിൽ നിർണായകമായത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയുടെ പിടിയിൽ കൊല്ലപ്പെട്ട
സുധാകരന്റെയും, ലക്ഷ്മിയുടെയും ഒപ്പം പ്രതി ചെന്താമരയുടെയും കോശങ്ങളും രക്തക്കറയും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. പ്രതി ധരിച്ചിരുന്ന മുണ്ടിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷന് അനുകൂലമായി.
കൂടാതെ, കൃത്യത്തിന് മുൻപുതന്നെ ആയുധം വാങ്ങിയതും, കൊലപാതകം നടത്തുമെന്ന് വെളിപ്പെടുത്തിയതും സാക്ഷികളിലൂടെ തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു. പ്രതിയുടെ ഭാര്യയും, കൊല്ലപ്പെട്ട
സജിത-സുധാകരൻ ദമ്പതികളുടെ മകളും നൽകിയ മൊഴികൾ നിർണായകമായി. വിചാരണ വേളയിൽ നാല് സാക്ഷികൾ മൊഴി മാറ്റിയെങ്കിലും അത് കേസന്വേഷണത്തെ ബാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

