കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തങ്കമ്മയ്ക്ക് വലിയ ആശ്വാസമേകുന്നു. തങ്കമ്മയുടെ ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് ഭൂമിയിൽ പദ്ധതിക്കായി മഞ്ഞക്കുറ്റി സ്ഥാപിച്ച നാളുകൾ ഇന്നും അവർക്ക് ഭയാനകമായ ഓർമ്മയാണ്.
2022 മാർച്ച് 14-നാണ് തങ്കമ്മയുടെ ഒറ്റമുറി വീടിനു മുന്നിൽ അധികൃതർ മഞ്ഞക്കുറ്റി നാട്ടിയത്. തുടർന്നുണ്ടായ രാഷ്ട്രീയ ഇടപെടലുകൾക്കും സമരങ്ങൾക്കും ഒടുവിൽ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുൻകൈയെടുത്ത് 7.75 ലക്ഷം രൂപ ചെലവിൽ തങ്കമ്മയ്ക്ക് പുതിയ വീട് നിർമ്മിച്ചു നൽകി.
സമരകാലത്ത് മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ നട്ട വാഴകളിൽ നിന്നു ലഭിച്ച ആദായവും ഇതിനായി വിനിയോഗിച്ചു.
പുതിയ വീട് ഉയർന്നുവെങ്കിലും, പദ്ധതിയുടെ അവശേഷിപ്പായി പഴയ ഒറ്റമുറിക്കൂരയും സമരത്തിന്റെ അടയാളമായി മഞ്ഞക്കുറ്റിയും ഇന്നും അവിടെയുണ്ട്. അതേസമയം, ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന സമരസമിതി പ്രവർത്തകർ സിൽവർ ലൈൻ റദ്ദാക്കിയതിലുള്ള ആഹ്ലാദം പങ്കുവെച്ചു.
2022 മാർച്ച് 4 മുതൽ സംഘർഷഭരിതമായ മുളക്കുഴയിലെ സമര ദിനങ്ങളെക്കുറിച്ച് പ്രവർത്തകർ വിവരിച്ചു. ഊരിക്കടവ് പാലത്തിന് സമീപം ആദ്യ മഞ്ഞക്കുറ്റി സ്ഥാപിച്ചപ്പോൾ നടന്ന പൊലീസ് നടപടികൾ, പ്രവർത്തകർക്കുണ്ടായ മർദ്ദനം, സ്ത്രീകളോട് കാണിച്ച അതിക്രമങ്ങൾ എന്നിവ അവർ അനുസ്മരിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രവർത്തകർ പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി ഉയർത്തിപ്പിടിച്ചായിരുന്നു അവരുടെ ആഹ്ലാദപ്രകടനം.
ജില്ലയിലെ പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ മേഖലകളിൽ സിൽവർ ലൈൻ വിരുദ്ധ സമരം ശക്തമായിരുന്നു. നൂറനാട് കിടങ്ങയം, പടനിലം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരം, ഒപ്പ് ശേഖരണം, ജനകീയ പ്രതിരോധങ്ങൾ എന്നിവ പദ്ധതിയെ പ്രതിരോധിക്കുന്നതിൽ നിർണായകമായി. സിൽവർ ലൈൻ പദ്ധതിക്കായി ആലപ്പുഴ ജില്ലയിൽ 42.0884 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നത്.
ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടികൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 41 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്.
ഇതിൽ 33 കേസുകൾ പിഴയടച്ച് തീർപ്പാക്കി; ശേഷിക്കുന്ന 8 കേസുകൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

