ന്യൂഡൽഹിയിൽ നാളെ ആരംഭിക്കുന്ന സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിശദമായ ചർച്ചകൾ നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ സംസ്ഥാനത്ത് നേരിട്ട
തിരിച്ചടികൾ കർശനമായ പരിശോധനയ്ക്ക് വിധേയമാകും. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്താൻ പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് കേന്ദ്രകമ്മറ്റിയിൽ സമർപ്പിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേർന്ന പിബി യോഗത്തിൽ, ഭരണവിരുദ്ധ വികാരം ഫലത്തെ സ്വാധീനിച്ചുവെന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ ഉയർത്തിയിരുന്നു.
കൂടാതെ, പാർട്ടിയിൽ പുതിയ നേതൃത്വം വരണമെന്ന നിർദ്ദേശവും അന്ന് ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി പിണറായി വിജയന്റെ പേര് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഓൺലൈനായി ചേർന്ന പിബി യോഗത്തിൽ ഈ തീരുമാനത്തിനെതിരെ നിരവധി അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും പിണറായി വിജയനെ ആ സ്ഥാനത്ത് നിയോഗിക്കുന്നത് ഉചിതമല്ലെന്നും, പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പ്രത്യേക ഇളവ് നൽകിയാണ് അദ്ദേഹത്തെ കേന്ദ്രകമ്മറ്റിയിൽ നിലനിർത്തിയതെന്നും അതിനാൽ വീണ്ടും അധികാര സ്ഥാനത്തേക്ക് വരുന്നത് ശരിയാകില്ലെന്നും ചൂണ്ടിക്കാട്ടി അശോക് ധാവ്ലെ, വിജു കൃഷ്ണൻ തുടങ്ങിയ നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
എങ്കിലും, സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനത്തെ തള്ളിക്കളയേണ്ടതില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും ഉയർത്തിയത്.
തൽക്കാലം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ മാനിക്കാൻ എതിർത്തവർ തയ്യാറാവുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ തന്നെ പിണറായി വിജയന്റെ നേതൃത്വത്തെക്കുറിച്ച് പിബിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന കേന്ദ്രകമ്മറ്റി യോഗത്തിലും ഈ വിഷയങ്ങൾ ചർച്ചയാകാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

