തൃക്കരിപ്പൂർ ∙ സീറ്റ് വിഭജനത്തെച്ചൊല്ലി പടന്ന പഞ്ചായത്ത് മുസ്ലിം ലീഗിൽ കടുത്ത ഭിന്നത. സീറ്റ് വിഭജനം സംബന്ധിച്ച് ദിവസങ്ങളായി പടന്നയിൽ മുസ്ലിം ലീഗ്–കോൺഗ്രസ് നേതൃത്വം മാരത്തൺ ചർച്ച നടത്തി വരുന്നുണ്ട്.
നിലവിൽ കോൺഗ്രസിന്റെ ഒരു സിറ്റിങ് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടതോടെ തർക്കത്തിൽ കുരുങ്ങിയ ചർച്ചകളുടെ ഒടുവിലാണ് ഏറ്റെടുക്കുന്ന സീറ്റിനു പകരമായി 13 ാം വാർഡ് വിട്ടു കൊടുക്കുന്നതിനു മുസ്ലിം ലീഗ് സമ്മതം അറിയിച്ചത്.
എന്നാൽ ഈ സീറ്റ് കോൺഗ്രസിന് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംഘടിതരായി എത്തി ലീഗ് ഓഫിസ് ഉപരോധിച്ചു. ഉപരോധം പുലർച്ചെ 2 വരെ നീണ്ടു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ 13 ാം വാർഡ് കോൺഗ്രസിനു വിട്ടുകൊടുക്കാൻ മുന്നണി തലത്തിൽ ധാരണയായതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്.
ലീഗിനു സ്വന്തം നിലയിൽ ആയിരത്തിൽ പരം വോട്ടുള്ള വാർഡ് ചില ലീഗ് നേതാക്കൾ കോൺഗ്രസിന് അടിയറ വച്ചതായി ആരോപിച്ചും സീറ്റ് വിട്ടു കൊടുത്തതിൽ ശരികേട് ഉന്നയിച്ചും പ്രവർത്തകർ ഓഫിസിലെത്തി ബഹളം വച്ചു.
ഓഫിസിൽ ഉണ്ടായിരുന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരിഹാരമായില്ല. നേതാക്കളുമായി പ്രവർത്തകർ തർക്കത്തിൽ ഏർപ്പെട്ടു.
ഇടയ്ക്കിടെ യൂത്ത് ലീഗിനു സിന്ദാബാദ് വിളികളും ഉയർന്നു.
16 അംഗ ഭരണ സമിതിയിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിൽ യുഡിഎഫിന്റേതാണ് ഭരണം. വാർഡ് വിഭജനത്തിന്റെ ആനുകൂല്യത്തിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്നു സിപിഎം കരുതുന്ന പഞ്ചായത്താണിത്.
അതിനിടയിലാണ് മുസ്ലിം ലീഗിലെ പൊട്ടിത്തെറി. തർക്കത്തിന് ഇന്നലെ രാത്രി വൈകിയും പരിഹാരമായിട്ടില്ല.
ചർച്ച തുടർന്നു കൊണ്ടിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

