നീലേശ്വരം ∙ കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്മാരക ക്യാംപസിൽനിന്ന് മലയാളം, ഹിന്ദി വകുപ്പുകൾ പാലയാട് ക്യാംപസിലേക്ക് മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കാൻ ഇന്നലെ രാവിലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം. തൽസ്ഥിതി തുടരണമെന്ന കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിലെ തീരുമാനത്തിനു വിരുദ്ധമായി അവധിദിനമായ ഞായറാഴ്ച കോഴ്സുകൾ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ വൈസ് ചാൻസലറുടെ നടപടിയെ സിൻഡിക്കറ്റ് അംഗങ്ങൾ ചോദ്യം ചെയ്തു.
11 സിൻഡിക്കറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഭൂരിഭാഗം പേരും നടപടിക്രമങ്ങൾ പാലിക്കാതെ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധസ്വരം ഉയർത്തിയതിനെ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന മേയ് 9ന് ശേഷം സമവായത്തിലൂടെ മാത്രമേ കോഴ്സുകൾ ഏകീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് വൈസ് ചാൻസലർ ഉറപ്പുനൽകി.
വ്യാപക പ്രതിഷേധം
കോഴ്സുകൾ മാറ്റാനുള്ള ഉത്തരവിൽ വൈസ് ചാൻസലറെ കണ്ട് പ്രതിഷേധം അറിയിക്കാൻ നീലേശ്വരം നഗരസഭാ സംഘം കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാംപസിലെത്തി.
നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ, നഗരസഭാ കൗൺസിലർ ഇ.ഷജീർ എന്നിവരാണ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.കെ.ഷാജുവിനെ നേരിൽ സന്ദർശിച്ച് പ്രതിഷേധം അറിയിച്ചത്. സിൻഡിക്കറ്റ് അംഗം ഡോ.എ.അശോകനും കൂടെയുണ്ടായിരുന്നു.
രാജ്യത്തെതന്നെ ആദ്യത്തെ വില്ലേജ് ക്യാംപസിൽനിന്ന് കോഴ്സുകൾ ഒന്നൊന്നായി കണ്ണൂരിലേക്ക് മാറ്റുന്നതിലുള്ള പ്രതിഷേധം നഗരസഭാ സംഘം വൈസ് ചാൻസലറെ അറിയിച്ചു.
ക്യാംപസ് ഡയറക്ടറെ ഉപരോധിച്ച് എസ്എഫ്ഐ
ഭാഷാ കോഴ്സുകൾ മാറ്റാനുള്ള ഉത്തരവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ നീലേശ്വരം ക്യാംപസിലേക്ക് മാർച്ച് നടത്തി. തുടർന്ന് ക്യാംപസിൽ യോഗം ചേർന്ന പ്രവർത്തകർ ക്യാംപസ് ഡയറക്ടറെ ഉപരോധിച്ചു.
മാർച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.അനുരാഗ് ഉദ്ഘാടനം ചെയ്തു. കെ.പി വൈഷ്ണവ്, പ്രവിഷ പ്രമോദ്, അഭിചന്ദ്, അനന്ദു മോഹൻ, കാർത്തിക് എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം ക്യാംപസിനെ തകർക്കാൻ ഗൂഢാലോചന: ഡിവൈഎഫ്ഐ
5 കോഴ്സുകൾ ഉണ്ടായിരുന്ന ക്യാംപസിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർഥികളാണ് കൂടുതലും.
ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണമെന്ന കാരണം പറഞ്ഞ് എംഎസ്സി മോളിക്യുലാർ ബയോളജി പാലയാട് ക്യാംപസിലേക്ക് മാറ്റിയപ്പോൾ പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാംപസുകളിൽ നിലനിൽക്കുന്നുണ്ടായിരുന്നു. മലയാളം, ഹിന്ദി വകുപ്പുകൾ മാറ്റാനുള്ള ഉത്തരവ് ഇറക്കിയതിനു പിന്നിൽ നീലേശ്വരം ക്യാംപസിലെ ചില അധ്യാപകരുടെ താൽപര്യമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഈ വകുപ്പുകൾ മാറ്റാൻ അനുവദിക്കില്ലെന്നും ക്യാംപസിനെ സംരക്ഷിക്കാൻ ആവശ്യമായ തീരുമാനം എടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
ശക്തമായ പ്രക്ഷോഭം നടത്തും: യൂത്ത് കോൺഗ്രസ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാംപസിൽനിന്ന് കോഴ്സുകൾ മാറ്റി ക്യാംപസിനെ നശിപ്പിക്കാനുള്ള ശ്രമം വർഷങ്ങളായി നടക്കുന്നുണ്ട്. വകുപ്പുകൾ മാറ്റാനുള്ള ശ്രമം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

