തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉൽപാദനം നിർത്തിവെച്ചതോടെ സംസ്ഥാന സർക്കാരിന് കനത്ത വരുമാന നഷ്ടം. കുപ്പിയുടെയും അടപ്പിന്റെയും വില വർധനവിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം അഞ്ചു ദിവസം കൊണ്ട് 28.8 കോടി രൂപയുടെ വിറ്റുവരവാണ് ഖജനാവിന് നഷ്ടമായത്.
ജനപ്രിയ ബ്രാൻഡായ ജവാൻ റമ്മിന്റെ ലഭ്യത കുറഞ്ഞത് സ്വകാര്യ മദ്യ കമ്പനികൾക്ക് നേട്ടമായി. വിപണിയിൽ ജവാൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇതേ ശ്രേണിയിലുള്ള സ്വകാര്യ മദ്യങ്ങളുടെ വിൽപനയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ബവ്കോ സിഎംഡി എം.ആർ.അജിത്കുമാറിനെ മന്ത്രി എം.ലിജു നേരിട്ട് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയെങ്കിലും അടിയന്തര പരിഹാരത്തിന് സാധിച്ചില്ല. നിത്യേനയുള്ള നഷ്ടം
ബവ്കോയുടെ കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സിൽ പ്രതിദിനം 10,000 കെയ്സ് അഥവാ 90,000 ലീറ്റർ മദ്യമാണ് ഉൽപാദിപ്പിച്ചിരുന്നത്.
ലീറ്ററിന് 640 രൂപ നിരക്കിൽ വിൽക്കുന്ന ജവാൻ വഴി പ്രതിദിനം 5.76 കോടി രൂപയുടെ കച്ചവടമാണ് നടന്നിരുന്നത്. കഴിഞ്ഞ 11-ാം തീയതി മുതൽ ഉൽപാദനം പൂർണ്ണമായും നിലച്ചു.
പ്രതിസന്ധിയുടെ കാരണം
ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെ തുടർന്ന് കുപ്പികളുടെയും അലുമിനിയം അടപ്പുകളുടെയും വിതരണച്ചെലവിൽ വന്ന വർധനവാണ് ഉൽപാദനത്തെ ബാധിച്ചത്. കരാർ പ്രകാരമുള്ള തുകയിൽ കൂടുതൽ നൽകി അസംസ്കൃത വസ്തുക്കൾ വാങ്ങാൻ സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സിന് നിയമപരമായ തടസ്സമുണ്ട്.
വിതരണക്കാരുമായുള്ള കരാർ 2027 ഏപ്രിൽ വരെ നിലനിൽക്കുന്നതിനാൽ, കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താതെ അധിക വില നൽകാൻ മാനേജ്മെന്റ് തയ്യാറല്ല. പ്രശ്നപരിഹാരത്തിനായി കരാറിൽ താൽക്കാലിക ഭേദഗതി വരുത്താനോ അല്ലെങ്കിൽ ബദൽ മാർഗങ്ങൾ തേടാനോ ബവ്കോ മാനേജ്മെന്റ് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഉൽപാദനം എന്നുമുതൽ പുനരാരംഭിക്കാനാകുമെന്ന് വ്യക്തമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

