കാസർകോട് ∙ എൽഡിഎഫിന്റെ 8 പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചപ്പോൾ നഗരസഭയിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും തൽസ്ഥിതി നിലനിർത്തി എൽഡിഎഫ്. യുഡിഎഫിന്റെ 2 പഞ്ചായത്തുകളും എൽഡിഎഫും നേടി.
ബിജെപി 3 പഞ്ചായത്തുകളിലെ ഭരണം നിലനിർത്തുകയും കുംബഡാജെ പഞ്ചായത്ത് അധികമായി നേടുകയും ചെയ്തു.ജില്ലയിൽ മൊത്തം യുഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണുണ്ടായത്.
നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാനും വിറപ്പിക്കാനും യുഡിഎഫിനായി. അതേ സമയം ഇവിടങ്ങളിൽ ഭരണത്തിന് തൊട്ടടുത്തെത്താൻ യുഡിഎഫിന് സാധിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വോട്ട് ശതമാനം കൂട്ടി. കാഞ്ഞങ്ങാട് നഗരസഭ പിടിക്കുമെന്നു കരുതിയെങ്കിലും അവസാന ലാപ്പിൽ നഷ്ടമായി.
38 പഞ്ചായത്തുകളിൽ പകുതിയും നേടിയാണ് യുഡിഎഫിന്റെ കുതിപ്പ്. നഗരസഭകളിൽ കാഞ്ഞങ്ങാടും നീലേശ്വരവും എൽഡിഎഫ് നിലനിർത്തിയപ്പോൾ കാസർകോട് യുഡിഎഫിനൊപ്പം തുടർന്നു.
ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിലുള്ളതു പോലെ കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എൽഡിഎഫ് നിലനിർത്തി. കാസർകോടും മഞ്ചേശ്വരവും യുഡിഎഫും നിലനിർത്തി.
ജില്ലാ പഞ്ചായത്തും എൽഡിഎഫ് നിലനിർത്തി.
എന്നാൽ എൽഡിഎഫ് വിജയിച്ച ബേക്കൽ ഡിവിഷനിലും യുഡിഎഫ് വിജയിച്ച പുത്തിഗെ ഡിവിഷനിലും റീ കൗണ്ടിങ് ആവശ്യപ്പെട്ടതിനാൽ ഇതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. എൽഡിഎഫിന്റെ കുത്തകയായിരുന്ന ദേലംപാടി, മുളിയാർ, മീഞ്ച, പൈവളിഗെ, പുത്തിഗെ, ഉദുമ, വലിയപറമ്പ, വൊർക്കാടി എന്നീ 8 പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
സ്വതന്ത്രയെ മുൻ നിർത്തി കഴിഞ്ഞ തവണ ബിജെപി ഭരിച്ച മഞ്ചേശ്വരം പഞ്ചായത്ത് കേവല ഭൂരിപക്ഷം നേടി തിരിച്ചുപിടിച്ചു.
ബദിയടുക്കയിൽ 10 വീതം സീറ്റുകൾ നേടി യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. പുല്ലൂർ പെരിയയിൽ 9 വീതം സീറ്റുകൾ യുഡിഎഫും എൽഡിഎഫും നേടി.
അതേസമയം പടന്ന, വെസ്റ്റ് എളേരി പഞ്ചായത്തുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫും പിടിച്ചെടുത്തു. കഴിഞ്ഞ തവണ യുഡിഎഫും ബിജെപിയും 6 വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമെത്തിയ കുംബഡാജെ ഇക്കുറി ബിജെപി പിടിച്ചെടുത്തു.
മധൂർ, ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകൾ നിലനിർത്തിയ ബിജെപി കുംബഡാജെ കൂടി നേടിയതോടെ 4 പഞ്ചായത്തുകളിൽ ഭരണത്തിലെത്തും.
ബദിയടുക്കയിലും ഭരണസാധ്യതയുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ട
മീഞ്ച, വോർക്കാടി, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞതാണ് യുഡിഎഫിന് നേട്ടമായത്.
ആകെ പഞ്ചായത്ത് വാർഡുകളിലും യുഡിഎഫിന് മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ തവണ 664 വാർഡുകൾ ഉണ്ടായിരുന്നപ്പോൾ എൽഡിഎഫ്–283, യുഡിഎഫ്–255, ബിജെപി–112 എന്നിങ്ങനെയായിരുന്നു വാർഡുകൾ.
എന്നാൽ ഇക്കുറി 61 വാർഡുകൾ വർധിച്ച് 725 ആയപ്പോൾ യുഡിഎഫ് 323 വാർഡുകൾ നേടി. 78 സീറ്റുകളുടെ വർധനവ്.
എൽഡിഎഫിന്റെ വാർഡുകൾ 252 ആയി കുറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫാണ് മുന്നിലെങ്കിലും ആകെ ഡിവിഷനുകളിൽ യുഡിഎഫിനേക്കാൾ 15 സീറ്റുകൾ പിന്നിലാണ്.
യുഡിഎഫിന് 50 ഡിവിഷനുകളും എൽഡിഎഫിന് 35 ഡിവിഷനുകളുമാണ്.
നഗരസഭകളിൽ എൽഡിഎഫ്–41, യുഡിഎഫ്–57 എന്നിങ്ങനെയാണ് ആകെ വാർഡുകൾ. മുളിയാർ, ദേലംപാടി തുടങ്ങിയ പഞ്ചായത്തുകളിൽ ബിജെപി അപ്രതീക്ഷിത കുതിപ്പ് നടത്തിയെങ്കിലും ആകെ വാർഡുകളിൽ കഴിഞ്ഞ തവണത്തെക്കാൾ കുറവാണുണ്ടായത്.
2020ൽ 112 പഞ്ചായത്ത് വാർഡുകൾ ലഭിച്ച ബിജെപിക്ക് ഇക്കുറി 109 എണ്ണമേ നേടാനായുള്ളൂ. സ്വതന്ത്രന്മാരെ കൂടി ചേർക്കുമ്പോൾ ചെറിയ വർധന ഉണ്ടായേക്കാമെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാത്തത് വരും ദിവസങ്ങളിൽ ചർച്ചയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

