പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എതിരെ കർണാടക ഹൈക്കോടതിയിൽ പുതിയ ഹർജിയുമായി ഖത്തർ ഹോൾഡിങ് കമ്പനി രംഗത്തെത്തി. ബൈജുവിന്റെ സ്വത്തും പണവും മരവിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കമ്പനിക്ക് നൽകാനുള്ള തുക പൂർണമായി അടച്ചുതീർക്കുംവരെ സ്വത്തുക്കൾ വിൽക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂർ കോടതി 2026 ജൂലൈയിൽ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്.
കോടതി ഫീസുൾപ്പെടെ സിംഗപ്പൂർ കോടതി വിധിപ്രകാരമുള്ള 72 ലക്ഷം സിംഗപ്പൂർ ഡോളറാണ് (ഏകദേശം 53 കോടി രൂപ) ബൈജുവിൽ നിന്ന് ഖത്തർ ഹോൾഡിങ് നിലവിൽ ആവശ്യപ്പെടുന്നത്. എന്നാൽ, ബൈജു ആകെ 1900 കോടി രൂപയോളം വീട്ടാനുണ്ടെന്ന് ഖത്തർ ഹോൾഡിങ് വ്യക്തമാക്കുന്നു.
ഈ തുക വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ആസ്തികൾ മരവിപ്പിക്കണമെന്ന ആവശ്യവുമായി കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ തുക ലഭിക്കുംവരെ ബൈജുവിന്റെ സ്വത്തുക്കൾ മറ്റാർക്കും വിറ്റുപോകാതെ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സമാനമായ ഹർജി ഖത്തർ ഹോൾഡിങ് നേരത്തെയും കർണാടക ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നുവെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ നീളുകയാണ്. കൂടാതെ, ബൈജൂസിന് കീഴിലുള്ള പ്രമുഖ കമ്പനിയായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൽ ബീആർ ഇൻവെസ്റ്റ്കോയ്ക്കുള്ള 1.78 കോടി ഓഹരികളും മരവിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ബീആർ ഇൻവെസ്റ്റ്കോ 100 ശതമാനവും ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലാണെന്നാണ് ഖത്തർ ഹോൾഡിങ്ങിന്റെ വാദം. കൂടാതെ, ബൈജു തന്റെ സമ്പൂർണ സ്വത്തുവിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മേയിൽ ബീആർ ഇൻവെസ്റ്റ്കോയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിയലക്ഷ്യ കേസിൽ ബൈജു രവീന്ദ്രന് 6 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങാൻ നിർദേശിച്ച കോടതി 70,500 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ആസ്തികൾ സംബന്ധിച്ച് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒട്ടേറെ നിർദേശങ്ങൾ അനുസരിക്കാൻ ബൈജു ഇതുവരെ തയാറായില്ലെന്ന് കാട്ടിയായിരുന്നു ഈ വിധി. എന്നാൽ, സിംഗപ്പൂർ കോടതിയുടേത് കേസിന്മേലുള്ള സാധാരണ നടപടിക്രമം മാത്രമാണെന്നും താനോ കമ്പനിയുടെ മറ്റ് സ്ഥാപകരോ തട്ടിപ്പുകളോ മറ്റെന്തെങ്കിലും തെറ്റോ ചെയ്തുവെന്ന് അതിനർഥമില്ലെന്നുമായിരുന്നു ബൈജു രവീന്ദ്രന്റെ പ്രതികരണം.
120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജു ഉൾപ്പെടെയുള്ള സ്ഥാപകർക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങൾ നൽകിയ കേസിന്മേൽ യുഎസിലും ഇന്ത്യയിലും നിലവിൽ കോടതികളിൽ നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്. ബൈജു സ്ഥാപിച്ച ‘തിങ്ക് ആൻഡ് ലേൺ’ ആണ് ബൈജൂസിന്റെ മാതൃകമ്പനി.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ലഭിച്ച വലിയ സ്വീകാര്യത സ്ഥാപനത്തിന് വൻ നേട്ടമായിരുന്നു. തുടർന്ന് ഈ രംഗത്തെ മറ്റ് എതിരാളി കമ്പനികളെ ഉൾപ്പെടെ ഏറ്റെടുത്താണ് ബൈജൂസ് വളർച്ച കൈവരിച്ചത്.
എന്നാൽ, പിന്നീട് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിൽ വന്ന വീഴ്ചയും തെറ്റായ തീരുമാനങ്ങളും കമ്പനിയെ പ്രതിസന്ധിയിലാക്കി. വായ്പാത്തിരിച്ചടവ് പൂർണ്ണമായി മുടങ്ങിയതിനെത്തുടർന്ന് പ്രമുഖ എഡ്യുടെക് സ്ഥാപനം പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

