കൊച്ചിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വൻ തുക കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യൂ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ആണ് അറസ്റ്റിലായത്.
എളമക്കര സ്വദേശിയുടെ സ്ഥലവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇത് കൈപ്പറ്റുന്നതിനിടയിലുമാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.
കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് ഈ അഴിമതിയിൽ പങ്കുണ്ടോയെന്ന കാര്യം വിജിലൻസിന്റെ എറണാകുളം യൂണിറ്റ് കടവന്ത്രയിൽ വച്ച് പരിശോധിച്ചുവരികയാണ്. എളമക്കര സ്വദേശിയിൽനിന്നും ഏജന്റുമാർ മുഖേനയാണ് തഹസിൽദാർ ഇത്രയും വലിയ തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കൃഷി ഭൂമി പുരയിടമാക്കി മാറ്റിക്കൊണ്ട് രേഖകൾ അനുവദിക്കുന്നതിനായി ബോധപൂർവ്വം വ്യാജ പരാതിക്കാരനെ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ സ്ഥലം ഉടമ വർഷങ്ങളായി പുരയിടം എന്ന നിലയ്ക്കാണ് കരം അടച്ചു വന്നിരുന്നത്.
എങ്കിലും, ഈ ഭൂമി വിൽപനയ്ക്ക് ശ്രമിച്ചപ്പോഴാണ് ഇത് കൃഷി ഭൂമിയാണെന്ന് കാണിച്ച് തടസ്സങ്ങൾ സൃഷ്ടിച്ചത്. കൃഷിസ്ഥലം മണ്ണിട്ട് നികത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർ ജോസഫ് ആന്റണിയുടെ സഹായി തന്നെയായിരുന്നു ആദ്യം പരാതി നൽകിയത്.
തുടർന്ന് ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്ഥലം ഉടമ തഹസിൽദാർ ജോസഫ് ആന്റണിയെ നേരിട്ട് സമീപിച്ചപ്പോഴാണ് പരാതിക്കാരനുമായി ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനും, കൃഷി ഭൂമി പുരയിടമാക്കി മാറ്റിയുള്ള രേഖകൾ നൽകുന്നതിനുമായി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ പണമായും ബാക്കി എട്ട് ലക്ഷം രൂപയ്ക്ക് ചെക്കുമാണ് കൈക്കൂലിയായി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

