തയ്യൽക്കാരൻ എന്ന നിലയിൽ സിനിമാജീവിതം ആരംഭിക്കുകയും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഇന്ദ്രൻസ് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ മികച്ച സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. വൈവിധ്യമാർന്ന ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഈ താരം, തന്റെ പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്.
മധുബാല നായികയായെത്തുന്ന ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ പങ്കുവെച്ച അനുഭവങ്ങളിൽ, തനിക്കൊപ്പം അഭിനയിക്കാൻ പല പ്രമുഖ നടിമാരും വിമുഖത കാണിക്കാറുണ്ടെന്ന തുറന്നുപറച്ചിൽ ശ്രദ്ധേയമായി.
ഇന്ദ്രൻസ് പറഞ്ഞതിങ്ങനെ: “ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ചില ജീവനുള്ള കഥാപാത്രങ്ങള്‍ കിട്ടും. അത് കിട്ടുമ്പോള്‍ തന്നെ ഒരു ആധിയാണ്.
അത്തരത്തിലൊരു സിനിമയാണ് ചിന്ന ചിന്ന ആസൈ. കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു.
മധു മേഡമാണ് നായിക എന്നും എന്നോട് പറഞ്ഞിരുന്നു. ആരാണ് മാധവന് മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയ്യല്ലേ, തീരുമാനിച്ചില്ലെന്നെ പറയാവൂന്ന് അവരോട് പറയണമെന്ന് ഉണ്ടായിരുന്നു.
അല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും. ആരാണ് ഇയാള്‍ എന്ന് ചോദിക്കുമ്പോള്‍, അതിവിടെ കോമഡി ഒക്കെ ചെയ്ത ഒരുത്തനാണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ അവരതില്‍ നിന്നും പിന്മാറും.
അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല. എനിക്ക് പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
വലിയ ആര്‍ട്ടിസ്റ്റുകളുടെ പേര് പറയും പക്ഷേ അവസാനം അവര്‍ സിനിമയില്‍ ഉണ്ടാകാറില്ല. നമ്മുടെ വേഷത്തോട് തൃപ്തിയാണ്.
പക്ഷേ അക്കാര്യത്തിലൊരു ആധി ഉണ്ടാകും. പക്ഷേ മധു മേഡത്തിന് ഇഷ്ടമായി സമ്മതിച്ചു എന്ന് പറയുന്നു.
ഞാനും ആ ഡേറ്റിന് വേണ്ടി കാത്തിരുന്നു. ഒരാഴ്ചയൊക്കെ അതില്‍ മാറ്റം വരുമ്പോള്‍ എനിക്ക് വെപ്രാളമാണ്.
പക്ഷേ അതൊന്നും സംഭവിച്ചില്ല മേഡം വന്നു. എനിക്ക് ഒത്തിരി സന്തോഷമായി.
19-ാം തീയതി സിനിമയുടെ ജാതകം എന്താണെന്ന് അറിയാനായി ചങ്കിടിപ്പോടെയുള്ളൊരു കാത്തിരിപ്പാണ്.” തന്റെ ആദ്യകാല ആഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കവെ, താരം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഹേമ മാലിനിയെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ ആ കുടുംബത്തിൽ നിന്നു തന്നെയാണ് മധു മാഡത്തിനെ കിട്ടിയത്.
അന്ന് ആഗ്രഹിച്ചതെല്ലാം അങ്ങനെ ഒരു കോലത്തിൽ ആയിരുന്നപ്പോഴായിരുന്നു. ഇപ്പോഴും കോലത്തിൽ ഒന്നും മാറ്റം വന്നില്ല.
പക്ഷേ ജനറേഷൻ മാറിയപ്പോൾ ഞാൻ എങ്ങനെയോ അവർക്ക് പാകമാകുന്നൊരു ആളായി. ഓരം ചേർന്ന് നിന്നുപോകാതെ തുഴഞ്ഞത് കൊണ്ടാകാം ഇവിടം വരെ എത്താനായത്.
അത് മാറിയ തലമുറയുടെ സമ്മാനമാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

