സംസ്ഥാനത്ത് കർഷകർക്ക് വലിയ ആശ്വാസമായി കുരുമുളക് വില ഉയരുന്നുണ്ടെങ്കിലും, ഉൽപാദനത്തിലുണ്ടായ കുറവ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന വിപണി വിലയാണു നിലവിലുള്ളത്.
2014–15 കാലയളവിൽ ഒരു ക്വിന്റൽ കുരുമുളകിന് സർവകാല റെക്കോർഡായ 73,000 രൂപ ലഭിച്ചിരുന്നു. തുടർന്ന് 2016ൽ വില 70,000 രൂപ വരെ എത്തി.
നിലവിലും വിപണിയിൽ ഒരു ക്വിന്റൽ കുരുമുളകിന്റെ വില 70,000 രൂപയാണ്. എന്നിരുന്നാലും, കടുത്ത കാലാവസ്ഥാ വ്യതിയാനവും വിവിധ രോഗബാധകളും മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞത് വിലവർധനയുടെ യഥാർത്ഥ ഗുണഫലം കർഷകരിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ട്.
2015ലെ ഉയർന്ന നിരക്കിനു ശേഷം കുത്തനെ ഇടിഞ്ഞ വില 2019ൽ 34,200 രൂപ വരെ എത്തിയിരുന്നു. വ്യാപകമായ തോതിലുള്ള ഇറക്കുമതിയാണ് അന്ന് വിലയിടിവിന് കാരണമായത്.
പിന്നീട് 2021ലാണ് കുരുമുളകിന് വീണ്ടും മികച്ച വില ലഭിച്ചത്. അന്ന് ക്വിന്റലിന് 52,000 രൂപയായിരുന്നു നിരക്ക്.
തുടർന്നു വന്ന രണ്ടു വർഷങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വില കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും ഉയരുകയായിരുന്നു. വിളവെടുപ്പ് ഘട്ടത്തിലും വിപണിയിൽ ഭേദപ്പെട്ട
വിലയുണ്ടായിരുന്നെങ്കിലും വിളവെടുപ്പ് ചുരുങ്ങിയത് കർഷകരെ പ്രതിസന്ധിയിലാക്കി. തോട്ടം പരിപാലനത്തിനും കൂലി നൽകുന്നതിനുമായി വിളവെടുപ്പ് സമയത്ത് ചെറിയൊരു ഭാഗം വിപണിയിൽ വിൽക്കുകയും ബാക്കി സൂക്ഷിച്ചുവെക്കുകയും ചെയ്യുന്ന പതിവ് പല കർഷകരും തുടരുന്നുണ്ട്.
മികച്ച വില പ്രതീക്ഷിച്ചാണ് വൻകിട–ഇടത്തരം കൃഷിക്കാർ ഈ രീതി അവലംബിക്കുന്നത്. ഇറക്കുമതിയിൽ വന്ന കുറവാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കുരുമുളക് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. തുടർച്ചയായ മഴയും പിന്നാലെയെത്തുന്ന കടുത്ത വെയിലും കുരുമുളക് വള്ളികൾ പഴുത്തുണങ്ങാൻ ഇടയാക്കുന്നു.
കൃഷി പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം ഇവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. മഴ വൈകുന്നു, ചൂട് കൂടുന്നു; തിരികൾ കൊഴിഞ്ഞുതീരുന്നു പുൽപള്ളി മേഖലയിൽ മഴ വൈകിയതും ചൂട് വർധിച്ചതും കാരണം കുരുമുളക് ചെടികളിലെ തിരികളെല്ലാം പൂർണ്ണമായി കൊഴിഞ്ഞുപോവുകയാണ്.
പുതുമഴയിൽ മണ്ണുനനഞ്ഞ് പുതിയ നാമ്പുകളും തിരികളുമുണ്ടാകുന്ന പതിവ് ഇത്തവണയുണ്ടായില്ല. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഴ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഓഗസ്റ്റ് അവസാനത്തോടെ തന്നെ തിരികൾ വീണുതുടങ്ങിയിരുന്നു.
മഴ പൂർണ്ണമായി നിലയ്ക്കുകയും ചൂട് ശക്തമാവുകയും ചെയ്തതോടെ പൂക്കളും കായ്കളുണ്ടാകേണ്ട ഘട്ടത്തിൽ അവയെല്ലാം നശിക്കുകയാണ്.
ഈ വർഷം വീടുകളിലേക്കുള്ള ആവശ്യത്തിന് പോലും കുരുമുളക് ലഭിക്കില്ലെന്ന വലിയ ആശങ്കയിലാണ് കർഷകർ. കാലവർഷം വൈകിയതുമൂലം ഈ വർഷത്തെ പുതിയ തൈനടീലും താളംതെറ്റി.
മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷികളെല്ലാം കനത്ത പരാജയമാണ് നേരിട്ടത്. ജലസേചന സൗകര്യമുള്ളവർ നനച്ചു കൃഷി ചെയ്യുന്നുണ്ടെങ്കിലും മഴ പൂർണ്ണമായി ഇല്ലാതായാൽ അതും കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്.
കറുത്ത പൊന്നിന്റെ നാടെന്നറിയപ്പെട്ടിരുന്ന പുൽപള്ളി മേഖലയിൽ നിന്ന് കുരുമുളക് കൃഷി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുകയാണ്. ഉൽപ്പന്നത്തിന് റെക്കോർഡ് വിലയുണ്ടെങ്കിലും വിപണിയിൽ നൽകാൻ സ്റ്റോക്കില്ല.
തുടർച്ചയായി കൃഷി നശിച്ചതോടെ പലരും ഈ മേഖലയോട് വിടപറഞ്ഞു. എന്നാൽ, പുതുതലമുറ ആവേശത്തോടെ ആധുനിക രീതിയിലുള്ള തോട്ടങ്ങൾ വളർത്തുന്നുണ്ട്.
സിമന്റ് കാലുകളിൽ ശാസ്ത്രീയമായി വെള്ളവും വളവും പ്രതിരോധ സംവിധാനങ്ങളും ഒരുക്കിയാണ് ഈ രീതിയിലുള്ള കൃഷി. എന്നാൽ ഭീർന്ന ചെലവ് വരുന്ന ഈ രീതി സാധാരണ കർഷകർക്ക് താങ്ങാനാകില്ല.
കുരുമുളക് കൃഷി പൂർണ്ണ നാശത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ സ്പൈസസ് ബോർഡിന്റെ സഹായത്തോടെ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിയിരുന്നു. അന്തരിച്ച എം.ഐ.ഷാനവാസ് എംപിയുടെ മുൻകൈയിലാണ് കർഷകർക്ക് കൃഷിപരിപാലന ചെലവുകൾ ഉറപ്പാക്കിക്കൊണ്ട് മൂന്ന് വർഷം നീണ്ട
പദ്ധതി രൂപീകരിച്ചത്. ആ കാലയളവിൽ നട്ടുപിടിപ്പിച്ച ചില തോട്ടങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
എന്നാൽ കഴിഞ്ഞ കുറെക്കാലമായി കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതികൾ ഒന്നും തന്നെ ജില്ലയിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

