കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ അടിമാലി ടൗണിൽ കനത്ത നാശനഷ്ടം. ടൗൺ ജുമ മസ്ജിദിന് എതിർവശത്തു പ്രവർത്തിക്കുന്ന ഐറിസ് ഓഫ്സെറ്റ് പ്രിന്റിങ് പ്രസിൽ വെള്ളം കയറി, ഇരുമ്പുപാലം വായ്ക്കലാംകണ്ടം സ്വദേശികളായ സിബി വർഗീസ്– ഷൈല ദമ്പതികളുടെ ഉപജീവനമാർഗമാണ് പൂർണ്ണമായും തടസ്സപ്പെട്ടത്.
കാലുകൾക്ക് വൈകല്യമുള്ള സിബി മൂന്ന് പതിറ്റാണ്ടായി വിവിധ പ്രിന്റിങ് പ്രസുകളിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് രണ്ട് വർഷം മുൻപ് ടൗണിൽ സ്വന്തമായി ഈ സ്ഥാപനം തുടങ്ങിയത്. എട്ടു ലക്ഷം രൂപ ദേശസാൽകൃത ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്താണ് സംരംഭം ആരംഭിച്ചത്.
വായ്പ തുകയുടെ ഗഡുക്കൾ അടയ്ക്കുന്നതിനും കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രസിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ആശ്രയമെന്ന് സിബി വ്യക്തമാക്കുന്നു. ശനിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത മഴയിൽ സ്ഥാപനത്തിനു മുൻവശത്തു കൂടിയുള്ള ഓട
കവിഞ്ഞൊഴുകുകയായിരുന്നു. തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്കു വെള്ളം ഇരച്ചുകയറി.
നാല് അടിയോളം ഉയരത്തിൽ വെള്ളത്തിനൊപ്പം എക്കലും ചെളിയും മുറിക്കുള്ളിലെത്തിയതോടെ യന്ത്രസാമഗ്രികളുടെ മോട്ടറുകളും മറ്റ് ഉപകരണങ്ങളും പൂർണ്ണമായും നാശത്തിലായി. ചങ്ങനാശേരിയിൽ നിന്ന് ടെക്നിഷ്യൻ എത്തി പരിശോധന നടത്തിയാൽ മാത്രമേ നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് വ്യക്തമാകൂ എന്ന് സിബി അറിയിച്ചു.
വായ്ക്കലാംകണ്ടത്ത് പട്ടയമില്ലാത്ത 15 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ശാരീരികാവശതകൾ കാരണം മറ്റു ജോലികൾ ചെയ്യാൻ കഴിയാത്ത ഇവർക്ക് ഈ സ്ഥാപനത്തിന്റെ തകർച്ച കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മഴക്കെടുതിയിൽ അടിമാലി ചാറ്റുപാറയിലും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിൽ ദേശീയപാതയിൽ ചാറ്റുപാറ സബ് സ്റ്റേഷൻ പടിക്കു സമീപം ഓട
കവിഞ്ഞൊഴുകി വെള്ളം കൃഷിയിടത്തിൽ കയറിയത് മൾട്ടി റൂട്ട് ജാതി കർഷകനായ ഗോപി ചെറുകുന്നേലിനെ പ്രതിസന്ധിയിലാക്കി. ജാതി തൈകൾ ബഡ് ചെയ്യുന്നതിനുള്ള മദർ പ്ലാന്റ് ചെടികൾ നട്ടു പരിപാലിച്ചിരുന്ന കൃഷിയിടത്തിലേക്കാണ് എക്കലും മണ്ണും കല്ലും ഒഴുകിയെത്തിയത്.
കൃഷിയിടത്തിൽ കല്ലും മണ്ണും അടിഞ്ഞുകൂടിയതോടെ മദർ പ്ലാന്റുകൾ നശിക്കുന്ന അവസ്ഥയിലാണെന്ന് ഗോപി പറയുന്നു. ദേശീയപാതയുടെ ഓട
നിർമാണത്തിലെ അപാകതയും സബ് സ്റ്റേഷനു സമീപത്തു കൂടി കൈത്തോട്ടിലൂടെ എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഇല്ലാത്തതുമാണ് വെള്ളം കൃഷിയിടത്തിലേക്ക് ഇരച്ചുകയറാൻ കാരണമെന്ന് ആരോപണമുണ്ട്. സംഭവത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപി ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തിനും ഔദ്യോഗികമായി നിവേദനം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

