തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ സുഗതനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മർദ്ദനമേറ്റ ഉദ്യോഗസ്ഥർക്ക് വിദഗ്ധ ചികിത്സ നൽകാൻ തീരുമാനം. വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവരെയാണ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി വാഴോട്ട്കോണത്തെ വീട്ടിൽ വെച്ച് സുഗതനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൗൺസിലറും സഹോദരനും ചേർന്ന് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും തള്ളിയിടുകയുമായിരുന്നു.
തുടർന്ന് ബിജെപി പ്രവർത്തകർ പോലീസിനെ വളഞ്ഞ സാഹചര്യത്തിൽ, ആത്മരക്ഷാർത്ഥം സിഐ ആകാശത്തേക്ക് വെടിയുതിർത്തു. ഇതിനുശേഷമാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചത്.
സംഭവത്തിൽ പരിക്കേറ്റ വിപിനും അഭിജിത്തും ആദ്യം പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സിഐയുടെ തോളിലും എസ്ഐയുടെ കൈക്കുമാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഓർത്തോപീഡിക് വിഭാഗത്തിൽ വിദഗ്ധ പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
കാപ്പ ചുമത്തി ജില്ലാ കലക്ടർ കരുതൽ തടങ്കലിന് ഉത്തരവിട്ട വ്യക്തിയാണ് സുഗതൻ.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ സുഗതൻ രംഗത്തെത്തി. “താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതൻ പറഞ്ഞു.
അറസ്റ്റിനെ എതിർത്ത തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മർദ്ദിച്ചതായും സുഗതൻ ആരോപിച്ചു.” എന്നാൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കൗൺസിലറും സഹോദരനും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നും, മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് വെടിയുതിർത്തതെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

