വിഴിഞ്ഞം കേന്ദ്രീകരിച്ചു നടന്ന സ്വർണപ്പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.
കേസിൽ മുഖ്യപ്രതിയായ സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതിക്ക് ഒരു ബാങ്കിൽ മാത്രം നാല് അക്കൗണ്ടുകളും മറ്റ് രണ്ട് ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകളും ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് രേഖകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ 17 പരാതികളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം 175 പവനിലേറെ സ്വർണം പ്രതി തട്ടിയെടുത്തതായാണ് സൂചന. സ്വർണപ്പണയത്തിന് പുറമെ വസ്തുവിന്റെ ആധാരങ്ങൾ കൈക്കലാക്കി വായ്പ തട്ടിപ്പ് നടത്തിയതായും പരാതികളുണ്ട്.
കേസിന്റെ കൂടുതൽ വ്യക്തതയ്ക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ അടുത്ത ആഴ്ച കോടതിയിൽ സമർപ്പിക്കും. പ്രതിയുമായി അടുപ്പമുള്ള വിവിധ സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരായ അഞ്ജു (28), ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യയാണ് അഞ്ജു.
വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യയാണ് ഐശ്വര്യ.
പരാതികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

