കോട്ടയം ജില്ലയുടെ അഭിമാനമായി മാറുന്ന ആർപ്പൂക്കര ചുണ്ടൻ ഇത്തവണത്തെ നെഹ്റു ട്രോഫി ജലോത്സവത്തിൽ അരങ്ങേറ്റം കുറിക്കും. വള്ളംകളിയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയെറിയുന്നതിനായുള്ള ഔദ്യോഗിക ധാരണാപത്രം ഇന്ന് ഒപ്പിടും.
ആർപ്പൂക്കര ചുണ്ടൻ വള്ളസമിതി നേതൃത്വം നൽകുന്ന ഈ സംരംഭം, ജില്ലയിലെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളമെന്ന പ്രത്യേകതയോടെയാണ് ജലപ്പരപ്പിലിറങ്ങുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം 90 ശതമാനം പൂർത്തിയായിട്ടുണ്ട്.
അടുത്ത മാസം രണ്ടാം വാരത്തോടെ വള്ളം നീരണിയുമെന്ന് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നവർ അറിയിച്ചു. എടത്വ കോഴിമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രക്രിയ പുരോഗമിക്കുന്നത്.
നിലവിൽ വള്ളത്തിന്റെ അമരം, കൂമ്പ്, പടികൾ എന്നിവ ഘടിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. 128 അടി നീളമുള്ള ഈ വള്ളത്തിൽ നാൽപത്തി മൂന്നോളം പടികളും താളക്കാർക്കുള്ള തട്ടും സജ്ജീകരിക്കും.
തടികൾ തമ്മിലുള്ള യോജിപ്പുകളിൽ ചെഞ്ചല്യം തേയ്ക്കുന്ന ജോലികളും ആരംഭിച്ചു. വെള്ളത്തിലിറക്കുന്നതിന് തൊട്ടുമുൻപായി തിളപ്പിച്ച വെളിച്ചെണ്ണയും മഞ്ഞളും ചേർത്ത മിശ്രിതം തേച്ചുപിടിപ്പിക്കും.
മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് കരയ്ക്കു കയറ്റി പുക നൽകിയ ശേഷം വാർണിഷ് അടിച്ച് മിനുക്കിയെടുക്കും. മത്സരത്തിൽ 83 തുഴച്ചിൽകാരും 5 അമരക്കാരും 7 താളക്കാരും ഉൾപ്പെടെ 95 പേർ വള്ളത്തിലുണ്ടാകും.
ഫാ. ഡോ.
ജയിംസ് മുല്ലശേരി, എൻ.കെ.കുര്യൻ, സനൂപ് മണലേൽ എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വി.എൻ.വാസവൻ, നാട്ടകം സുരേഷ് എംഎൽഎ, കെ.ഫ്രാൻസിസ് ജോർജ് എംപി എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

