കാടിന്റെ അവകാശികളായ വന്യജീവികൾക്ക് ആവാസ വ്യവസ്ഥയിൽ തന്നെ ആവശ്യമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ പദ്ധതിയുമായി യുവാക്കൾ രംഗത്ത്. വനവും വന്യജീവികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വന്യജീവി ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ളാഹ വനമേഖലയിലെ ഉൾവനങ്ങളിലാണ് വ്യത്യസ്തമായ ഈ ഹരിത ദൗത്യം നടപ്പിലാക്കിയത്.
കൈകളിൽ ഫലവൃക്ഷത്തൈകളും വിത്തുകളുമായി സന്നദ്ധപ്രവർത്തകർ കാട്ടിൽ കയറിയിറങ്ങി. വനം വകുപ്പിന്റെയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെയും സഹകരണത്തോടെ മാർത്തോമ്മാ യുവജന സഖ്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് വനാന്തരങ്ങളിൽ 5,000 ഫലവൃക്ഷ വിത്തുകളും 750 ഫലവൃക്ഷ തൈകളും നട്ടത്.
ഞാവൽ, പേര, പ്ലാവ്, ആഞ്ഞിലി, ആത്ത, നെല്ലി, വേപ്പ്, മാവ് തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകളും തൈകളുമാണ് വനത്തിന്റെ വിവിധ ഭാഗങ്ങളിലായി പാകിയത്. ഇന്ന് മണ്ണിൽ നട്ടതും പാകിയതുമായ വിത്തുകൾ നാളെ വന്യജീവികളുടെ ഭക്ഷണമാകുമെന്ന വലിയ പ്രതീക്ഷയിലാണ് സംഘം മടങ്ങിയത്.
20 പേരടങ്ങിയ മാർത്തോമ്മാ യുവജന സഖ്യം സംഘത്തെ വനാന്തരങ്ങളിലേക്ക് നയിച്ചത് ളാഹ വനം സ്റ്റേഷനിലെ വനപാലകരാണ്. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ, ഷിജിൻ വർഗീസ്, മഞ്ഞത്തോട് ആദിവാസി ഉന്നതിയിലെ മൂപ്പൻ രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു വിത്ത് നട്ടതോടെ പ്രവർത്തനം അവസാനിക്കുന്നില്ലെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
തൈകളുടെ വളർച്ചയും സംരക്ഷണവും ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. കേരളത്തിലെ വിവിധ ജില്ലകളിലെ വനമേഖലകളിൽ സന്നദ്ധ സംഘടനകളെയും സർവകലാശാല വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പദ്ധതി വ്യാപിപ്പിക്കുമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ജനറൽ സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ അറിയിച്ചു. മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ.
ബൈജു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റവ. മിഥുൻ ചാക്കോ, റവ.
കെ.എസ്.റോജിൻ, അനു കെ.അലക്സ്, ഏബൽ കുര്യൻ സാജൻ, മാർത്തോമ്മാ വികസന സംഘം ഭദ്രാസന സെക്രട്ടറി മനോജ് ഡേവിഡ് കോശി, ഷിജിൻ വർഗീസ്, സാം മുള്ളംകാട്ടിൽ തുടങ്ങിയവരും ഈ ഹരിത ദൗത്യത്തിൽ സജീവമായി പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

