തൃക്കരിപ്പൂർ ∙ പിടിപ്പുകേടും അലംഭാവവും നിമിത്തം ലക്ഷങ്ങൾ എങ്ങനെ പാഴാക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് കവ്വായിക്കായലിൽ മാടക്കാൽ കടവിനോടു ചേർന്നു തുരുമ്പെടുത്തു നശിക്കുന്ന ‘ഗ്രാൻമ’ യാത്രാ ബോട്ട്. ടൂറിസം മേഖലയിൽ നല്ലനിലയിലും ലാഭകരമായും പ്രയോജനപ്പെടുത്താമെന്നിരിക്കെ, ബോട്ട് നശിക്കുന്നതും നോക്കിയിരിപ്പാണ് അധികൃതർ.
3 വർഷം മുൻപ് എം.രാജഗോപാലൻ എംഎൽഎ പ്രത്യേക താൽപര്യമെടുത്ത് 15 ലക്ഷം രൂപ ചെലവിൽ കായലിൽ ഇറക്കിയതാണ് ഗ്രാൻമ. വലിയപറമ്പ് പഞ്ചായത്തിനാണ് സംരക്ഷണവും പരിചരണവും ഉൾപ്പെടെയുള്ള എല്ലാ ചുമതലകളും.
പഞ്ചായത്തിന്റെ തെക്കൻ ദിശയിലെ കടലോര ജനത കര പിടിക്കാൻ പ്രയാസപ്പെടുന്നത് ഒരളവോളം പരിഹരിക്കുകയെന്നതായിരുന്നു ബോട്ട് കായലിൽ ഇറക്കിയതിനു പിന്നിൽ.
കൊട്ടും കുരവയുമായി നീറ്റിലിറക്കിയ ഗ്രാൻമയ്ക്ക് പക്ഷേ, അധികകാലം ഓടാൻ യോഗമുണ്ടായില്ല. ഓടിയതിനെക്കാൾ എത്രയോ ഇരട്ടി കരയിൽ കിടക്കാനാണ് നിയോഗം.ബോട്ടിനു ഡ്രൈവറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയതാണ് ശനിദശ.
ലൈസൻസുള്ള ഡ്രൈവറെ കണ്ടെത്താനോ നിയമിക്കാനോ കഴിഞ്ഞില്ല. ലൈസൻസുള്ളവരെ വച്ചു മാത്രമേ ഓടിക്കാവൂ എന്ന നിർദേശം കർശനമാക്കിയതോടെ അൽപകാലം മാത്രം ഓടിയ ബോട്ട് കരയിലായി.
ഓട്ടം നിർത്തിയ ബോട്ട് തുരുമ്പെടുത്തു നശിക്കുമെന്നു പല ദിക്കുകളിൽ നിന്നായി ശബ്ദമുയർന്നു.
ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് ഇതിന്റെ പ്രവർത്തനം ക്രമീകരിക്കണമെന്ന നിർദേശവും ശക്തമായി ഉയർന്നു. ഏതൊക്കെ തലത്തിൽ വിനോദ സഞ്ചാരത്തിനു ഉപയോഗപ്പെടുത്താമെന്ന അഭിപ്രായവും രൂപപ്പെട്ടു.
പക്ഷേ, ഇതൊന്നും ബന്ധപ്പെട്ടവരെ സ്വാധീനിച്ചില്ല. അധികൃതർ ആ നിലയിൽ ചിന്തിച്ചതുമില്ല.പഞ്ചായത്തിനു കീഴിലോ അതല്ലെങ്കിൽ വ്യക്തികൾക്കോ ടൂറിസം രംഗത്ത് ഇടപെടുന്ന ഗ്രൂപ്പുകൾക്കോ കൈമാറിയോ ഗ്രാൻമയെ രക്ഷപ്പെടുത്താം.
വലിയപറമ്പിന്റെയും കവ്വായിക്കായലിന്റെയും വശ്യതയാർന്ന സൗന്ദര്യം കാണാനെത്തുന്ന വിനോദ സഞ്ചാരികളുമായി ചുറ്റിക്കറങ്ങണമെന്ന മോഹം ഗ്രാൻമയ്ക്കുണ്ട്.പുതുതായി ചുമതലയേറ്റ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ അനുകൂല നടപടി എടുക്കുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

