അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപാലത്തിൽ രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മുപ്പതടിയോളം താഴ്ചയിലേക്ക് തെറിച്ചുവീണു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി താഴെ അടുക്കിവച്ചിരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലേക്കാണ് പെൺകുട്ടികൾ വീണത്.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവർക്കും ബൈക്ക് ഓടിച്ചിരുന്ന യുവാവിനും അടിയന്തര ചികിത്സ ലഭ്യമാക്കി. ആർ.
രാഹുൽ (35), സഹോദരീപുത്രിയും ബിബിഎ വിദ്യാർഥിനിയുമായ ദേവാംശി (18), സുഹൃത്തും ജർമൻ ഭാഷാകോഴ്സ് വിദ്യാർഥിനിയുമായ ദിയ (18) എന്നിവർക്കാണ് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനികളെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറക്കാൻ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബൈക്കും, എതിർദിശയിൽ കൊച്ചിയിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
രാവിലെ 6.15നാണ് ഈ ദുരന്തം സംഭവിച്ചത്. കാർ യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികനായ രാഹുൽ പാലത്തിന്റെ നടപ്പാതയിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. എന്നാൽ ദേവാംശിയും ദിയയും പാലത്തിന്റെ കൈവരിയിലൂടെ താഴേക്ക് പതിക്കുകയും കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ വീണ് ബോധരഹിതരാവുകയും ചെയ്തു.
ദേവാംശിക്കും ദിയയ്ക്കും നട്ടെല്ലിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ട്. കൈകാലുകൾക്ക് ഒടിവ സംഭവിച്ച രാഹുലിനെ ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് പെൺകുട്ടികളെ പുറത്തെടുത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാഹുലിനെയും ദേവാംശിയെയും ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും, ദിയയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. പൂർണമായി തകർന്ന ബൈക്കും, മുൻഭാഗം തകർന്ന കാറും പൊലീസ് സഹായത്തോടെ പാലത്തിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

