തൃക്കരിപ്പൂർ ∙ 80 പിന്നിട്ട തടിയൻ കൊവ്വലിലെ കരപ്പാത്ത് കുഞ്ഞിരാമേട്ടൻ ആകാശംതൊട്ടു വന്നപ്പോൾ എന്തെന്നില്ലാത്ത ആവേശവും സന്തോഷവും.
തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം വയോജനവേദി കേരളപ്പിറവി ദിനത്തിൽ നടത്തിയ വിമാനയാത്ര വയോജനങ്ങളെ ഒട്ടൊന്നുമല്ല ആവേശത്തിലേറ്റിയത്. 70 കഴിഞ്ഞ കെ.നാരായണൻ, വി.വി.ദാമോദരൻ, എ.നാരായണി, കെ.സരോജിനി എന്നിവരൊക്കെ യാത്രയുടെ ഭാഗമായി.
മംഗളൂരു മുതൽ ബെംഗളൂരു വരെ വിമാനത്തിലേറി തിരിച്ചു നാട്ടിലിറങ്ങിയപ്പോൾ എല്ലാവർക്കും പ്രായം കുറഞ്ഞു.
45 പേരാണ് തടിയൻ കൊവ്വൽ ദേശത്ത് നിന്നു വിമാനം കയറിപ്പോയത്. ഇന്നേവരെ വിമാനത്തിൽ കയറാത്തവരും വിമാനത്താവളം പോലും കണ്ടിട്ടില്ലാത്തവരായിരുന്നു യാത്രികരിൽ ഏറിയ പങ്കും.
ബെംഗളൂരു മെട്രോ യാത്രയും ഇസ്കോൺ ടെംപിൾ, ലാൽബാഗ് പൂന്തോട്ടം കാഴ്ചകളുമെല്ലാമായി ഉല്ലാസയാത്ര അതിമനോഹരമായെന്നു മുതിർന്നവരുടെ യാത്രാനുഭവം. മംഗളൂരു എയർപോർട്ട് വരെ ടൂറിസ്റ്റ് ബസിലായിരുന്നു യാത്ര.
ഇൻഡിഗോയുടെ വിമാനത്തിലാണ് യാത്ര നടത്തിയത്. കാഴ്ചകളെല്ലാം കണ്ടു രാത്രി ബസിൽ മടങ്ങുമ്പോൾ നാട്ടിലേക്കും വിമാനയാത്ര ആയിരുന്നെങ്കിലെന്ന ആരവത്തിലായിരുന്നു പ്രായത്തിനു കീഴ്പ്പെടാത്തവർ.
ജീവിതത്തിൽ ഒട്ടേറെ അനുഭവങ്ങളുണ്ടെങ്കിലും വൻകിട
പട്ടണങ്ങളോ വലിയ യാത്രകളോ തരപ്പെടാത്ത ഉൾനാടൻ ഗ്രാമവാസികളായിരുന്നു യാത്രികർ. എല്ലാ വർഷവും ഗ്രന്ഥാലയം വയോജനവേദി വ്യത്യസ്തമായ ഉല്ലാസയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
അടുത്ത യാത്ര കപ്പൽ മാർഗമാക്കണമെന്നാണ് യാത്രികരുടെ അഭിപ്രായം. കേരളപ്പിറവി ദിനത്തിൽ യാത്രതിരിച്ചവർ ബെംഗളൂരുവിൽ ഇറങ്ങിയപ്പോൾ അവിടെ രാജ്യോത്സവമായിരുന്നു.
2 സംസ്ഥാനങ്ങൾ മധുരം പങ്കിട്ട ദിനം.
ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.കരുണാകരൻ, സെക്രട്ടറി എ.ബാബുരാജ്, ജോയിന്റ് സെക്രട്ടറി വി.എം.വിനോദ് കുമാർ, കെ.ദാമോദരൻ, കെ.രാജീവൻ, കെ.പി.രവി എന്നിവർ യാത്രയ്ക്ക് മേൽനോട്ടം വഹിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

