കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതിനിടയിൽ വൻ നാശനഷ്ടങ്ങൾ. പയ്യന്നൂർ കേളോത്ത് ഉറങ്ങിക്കിടക്കവേ വീടിന്റെ ഓടിട്ട
മേൽക്കൂര പൂർണമായി നിലംപൊത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും കടുത്ത വേദന കടിച്ചമർത്തി കുടുംബാംഗങ്ങളെ മുഴുവൻ സുരക്ഷിതമായി പുറത്തെത്തിക്കാൻ ചെറുക്കിണിയൻ ഇന്ദു ദാമോദരൻ (54) കാണിച്ച ജാഗ്രത വലിയ ദുരന്തം ഒഴിവാക്കി.
പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഇന്ദുവിനു പുറമേ അമ്മ ശാന്ത (73), സഹോദരി രതി, മകൻ ഹരിപ്രസാദ് (14), രതിയുടെ മകൻ ദേവക് പ്രസാദ് (13), സഹോദരൻ ഗോപിയുടെ മകൻ ശ്രീനന്ദ് (5) എന്നിവരാണ് അപകടസമയത്ത് ഇവിടെയുണ്ടായിരുന്നത്.
മറ്റൊരു സംഭവത്തിൽ, പഴയങ്ങാടി മാടായി കൊളവയൽ റോഡിന് സമീപം ശക്തമായ മഴയിൽ വീട് തകർന്നു വീണ് ഏഴുവയസ്സുകാരനായ പാർഥിവ് പരുക്കേറ്റു. മുറിയിൽ കുടുങ്ങിപ്പോയ കുട്ടിയെ നാട്ടുകാർ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീകണ്ഠപുരം ടൗൺ പൂർണമായും ഒറ്റപ്പെട്ടു. നൂറിലേറെ കടകളിലും ഒട്ടേറെ വീടുകളിലും വെള്ളം കയറി.
വിപണിയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശ്രീകണ്ഠപുരം – പയ്യാവൂർ റോഡ്, ഇരിക്കൂർ സംസ്ഥാനപാത എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ചെങ്ങളായി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ചെങ്ങളായി വയലും റോഡുകളും വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കുപ്പം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കുപ്പത്തും പരിസരങ്ങളിലും ജനങ്ങൾ ആശങ്കയിലായി. അർധരാത്രിയോടെ കുപ്പം കടവിലെ 8 കടകളിലും 12 വീടുകളിലുമാണ് വെള്ളം കയറിയത്.
നാട്ടുകാരും വൈറ്റ് ഗാർഡ് പ്രവർത്തകരും ചേർന്ന് നടത്തിയ അതിരാത്രിയിലെ രക്ഷാപ്രവർത്തനം പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. കൂടാതെ, പറശ്ശിനിക്കടവ് മേഖലയിലും വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാണ്.
മുത്തപ്പൻ ക്ഷേത്രത്തിന്റെ പടിക്കെട്ടുവരെ വെള്ളം കയറി. അപകടസാധ്യത മുൻനിർത്തി ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
കോൾത്തുരുത്തി, കോടല്ലൂർ, കണിച്ചേരി പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ആന്തൂർ നഗരസഭാധ്യക്ഷ വി.സതീദേവിയുടെ നേതൃത്വത്തിലുള്ള സംഘം ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

