പാലക്കാട് ജില്ലയിലെ കൂറ്റനാട്ട് കാറിടിച്ച് ഗുരുതര പരുക്കേറ്റ കാൽനടയാത്രക്കാരൻ രക്തംവാർന്നു റോഡരികിൽ കിടന്നത് പത്തു മിനിറ്റിലേറെ. കൂറ്റനാട് തൊഴുക്കാട് തേവർപ്പറമ്പിൽ അബൂബക്കർ (66) ആണ് ദാരുണമായി മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് കൂറ്റനാട് – എടപ്പാൾ റോഡിൽ കൂറ്റനാട് ടൗണിനു സമീപം വട്ടേനാട് സ്കൂളിനടുത്ത് വെച്ചായിരുന്നു അപകടം നടന്നത്. കൂറ്റനാട് ന്യൂ ബസാറിലേക്കു ഡോക്ടറെ കാണാൻ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് റോഡരികിലേക്കു തെറിച്ചുവീണ അദ്ദേഹത്തിന് തലയ്ക്കു ഗുരുതര പരുക്കേറ്റു. രക്തംവാർന്നൊഴുകിയ ഇയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകി.
ഈ സമയം അപകടത്തിനിടയാക്കിയ കാറിൽത്തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും, അപകടത്തിന്റെ ആഘാതത്തിലും ഭയത്തിലും ഡ്രൈവർക്ക് വാഹനം ഓടിക്കാനാകാത്ത സ്ഥിതിയായിരുന്നു. മറ്റൊരു ഡ്രൈവറെ ഉടൻ കണ്ടെത്താനും സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായി.
ഈ സമയത്ത് റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങൾക്കെല്ലാം നാട്ടുകാർ കൈകാണിച്ചു സഹായം തേടിയെങ്കിലും ആരും വാഹനം നിർത്താൻ തയാറായില്ല. ഒടുവിൽ സമീപപ്രദേശത്തുനിന്നു മറ്റൊരു ഡ്രൈവറെ വരുത്തി അപകടത്തിൽപെട്ട
കാറിൽത്തന്നെ അബൂബക്കറിനെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം കുന്നംകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ദീർഘകാലം പ്രവാസിയായിരുന്ന അബൂബക്കർ കൂനംമൂച്ചിയിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം ഇന്നലെ മാരായംകുന്ന് പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: കദീജ.
മക്കൾ: അക്ബർ, അമീറ, അൻസിറ. മരുമകൾ: സാക്കിറ.

