കാസർകോട് ജില്ലയിലെ ബേക്കൽ റെയിൽവേ മേൽപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതിന് പിന്നാലെ, ഇതേ പാതയിൽ ഗതാഗത നിയന്ത്രണം കടുക്കുന്നു. ചന്ദ്രഗിരിപ്പാലത്തിനും ബേക്കൽപാലത്തിനും സമീപങ്ങളിലായി തകർന്ന റോഡിന്റെ കോൺക്രീറ്റിങ് പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി നാളെ അതായത് സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 10 വരെ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ കാസർകോട്–കാഞ്ഞങ്ങാട് പാതയിൽ ഗതാഗത തടസ്സത്തിന് സാധ്യതയുണ്ട്. പള്ളിക്കരയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിലവിൽ ദേശീയപാത വഴിയാണ് കടന്നുപോകുന്നത്.
ഈ സാഹചര്യത്തിൽ, ആ പ്രവൃത്തികൾ പൂർത്തിയാകുമ്പോഴേക്കും പ്രസ്തുത രണ്ട് ഭാഗങ്ങളിലെയും കോൺക്രീറ്റ് ജോലികൾ കൂടി ഒരേസമയം തീർക്കുന്നത് യാത്രികർക്ക് വലിയ ആശ്വാസമാകും. ഏകദേശം 40 കോടിയോളം രൂപ ചെലവഴിച്ചുള്ള കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാത നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് ഈ ജോലികൾ.
ചന്ദ്രഗിരി ജംക്ഷൻ മുതൽ പുലിക്കുന്ന് ഐവർ ഭഗവതി ക്ഷേത്ര ജംക്ഷൻ വരെ 350 മീറ്റർ ദൂരത്തിലും, ബേക്കൽ പാലം മുതൽ ജംക്ഷൻ വരെ 300 മീറ്റർ ദൂരത്തിലുമാണ് കോൺക്രീറ്റിങ് നടപ്പിലാക്കുന്നത്. വർഷാവർഷം മഴയിൽ റോഡ് തകരുന്നതും ഇവിടെ സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
ഇതിന് പരിഹാരമായാണ് നിലവിൽ ഇന്റർലോക് തകർന്നിരിക്കുന്ന പുലിക്കുന്ന് ഭാഗത്ത് നിലവിലുള്ള റോഡിനെക്കാൾ ഉയരത്തിൽ കോൺക്രീറ്റിങ് നടത്താൻ അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വർഷം മുൻപ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇവിടെ ഇന്റർലോക് പാകിയെങ്കിലും പിന്നീട് റോഡ് വീണ്ടും തകരുകയായിരുന്നു.
തുടർന്ന് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇവിടെ കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മഴക്കാലത്ത് റോഡ് തകരുന്ന മറ്റൊരു പ്രധാന പ്രദേശമായ ബേക്കൽ പാലം മുതൽ ബേക്കൽ ജംക്ഷൻ വരെയുള്ള ഭാഗത്തും സമാനമായ രീതിയിൽ കോൺക്രീറ്റിങ് ജോലികൾ നടക്കും.
എന്നിരുന്നാലും, കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്ന സമയത്ത് ഒരു ഭാഗത്തുകൂടി മാത്രം വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

