സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തിൽ കാർഷിക വിളകൾ നശിച്ച കർഷകർക്കുള്ള ധനസഹായം ഒക്ടോബർ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏഴാമത് രാജ്യാന്തര കാപ്പി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിള ഇൻഷുറൻസ് കുടിശിക തീർപ്പാക്കുന്നതിനായി 6 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും ഇതിന്റെ വിതരണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരത്തിനൊപ്പം പുതിയ നടീൽ വസ്തുക്കളും വളവും ലഭ്യമാക്കുന്ന പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കും.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന് നിലവിൽ ലഭിക്കുന്ന തുക നൂറു ശതമാനമായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് ജില്ലയുടെ കാർഷിക അഭിവൃദ്ധിക്കും ടൂറിസത്തിനും പുതിയ ഉണർവ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാടിന്റെ സമ്പദ്വ്യവസ്ഥയിൽ കാപ്പി കൃഷിക്കുള്ള പങ്ക് നിർണായകമാണെന്നും എന്നാൽ കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രതിസന്ധികളെ നേരിടാൻ സർക്കാരും കൃഷിവകുപ്പും പ്രത്യേക ഇടപെടലുകൾ നടത്തുും.
കേന്ദ്ര സർക്കാരിന്റെ കോഫി ഡവലപ്മെന്റ് ബോർഡിന്റെയും സംസ്ഥാന കൃഷിവകുപ്പിന്റെയും സഹകരണത്തോടെ കാപ്പിക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. നിലവിൽ ജില്ലയിലെ കാപ്പിയുടെ ഉത്പാദനക്ഷമത ഒരു ഹെക്ടറിൽ 918 കിലോഗ്രാമാണെങ്കിൽ, കുടകിൽ ഇത് 1494 കിലോഗ്രാമാണ്.
കുടകനേക്കാൾ മികച്ച വരുമാനം നേടാനുള്ള ബൃഹദ് പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിക്കുന്നത്. കേരയുടെ പ്രവർത്തനങ്ങൾ കാപ്പി കൃഷിയുടെ പുനർകൃഷിയിലും വികസനത്തിലും മാത്രം ഒതുക്കാതെ സമ്പൂർണമായി കാപ്പിയെ പുനരുദ്ധരിക്കുന്നതിലേക്ക് വ്യാപിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ മൂല്യവർധനവ് ഉറപ്പാക്കേണ്ടതുണ്ട്. കാപ്പിയുടെ അവശിഷ്ടങ്ങൾ മറ്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തണം.
ഇതിനായി വിവിധ പദ്ധതികൾ സംയോജിപ്പിച്ച് ഒരു സമ്പൂർണ ആവാസവ്യവസ്ഥ രൂപീകരിക്കാനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. ഭൗമ സൂചികാ പദവിയുടെ അടിസ്ഥാനത്തിൽ ‘ഫാം ടു കപ്പ്’ എന്ന രാജ്യാന്തര ബ്രാൻഡിങ് പദ്ധതി നടപ്പിലാക്കും.
കൂടാതെ സംസ്ഥാനത്ത് രാജ്യാന്തര ഉച്ചകോടി സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നെസ്ലെ, ലുലു, വാൾമാർട്ട് തുടങ്ങിയ ലോകോത്തര കയറ്റുമതി സംരംഭങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കർഷകരുമായി നേരിട്ടുള്ള ബി ടു ബി ചർച്ചകളും ധാരണാപത്ര ഒപ്പിടലുകളും സംഘടിപ്പിക്കും.
ഇത്തരം സംരംഭങ്ങളിൽ കാപ്പിക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

