സ്മാർട്ട്ഫോൺ ക്യാമറകളുടെ കാര്യത്തിൽ മികച്ച സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും, സോഷ്യൽ മീഡിയ ആപ്പുകളിൽ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുമ്പോൾ അവയുടെ ഗുണനിലവാരം കുറയുന്നത് ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്.
ആൻഡ്രോയിഡ് 17-ലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ക്യാമറയും മീഡിയ സ്റ്റാക്കും ഒപ്റ്റിമൈസ് ചെയ്യുന്നതിനായി മെറ്റയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഗൂഗിൾ. പ്രധാന മാറ്റങ്ങൾ
മുൻപ് വിവിധ ആൻഡ്രോയിഡ് മോഡലുകളുടെ വ്യത്യസ്ത ക്യാമറ സെറ്റപ്പുകൾക്ക് അനുസൃതമായി ആപ്പുകൾ ക്രമീകരിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ, സോഷ്യൽ മീഡിയ ആപ്പുകൾ ചിത്രങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.
എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ആൻഡ്രോയിഡ് 17 പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ ഇൻസ്റ്റാഗ്രാമിന് മികച്ച ക്യാമറ സംവിധാനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ സാധിക്കും. നൈറ്റ് സൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ
നൈറ്റ് സൈറ്റ് അഥവാ നൈറ്റ് മോഡ് സംയോജനം കൂടുതൽ മെച്ചപ്പെടുത്തിയതാണ് ഇതിലെ പ്രധാന ആകർഷണം.
കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കുന്നു. കൂടാതെ, ഇൻസ്റ്റാഗ്രാമിലെ ഇൻ-ആപ്പ് ക്യാമറ ഉപയോഗിക്കുമ്പോൾ വീഡിയോ സ്റ്റെബിലൈസേഷൻ സംവിധാനവും ലഭ്യമാകും.
ഇതുവഴി വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാവുന്ന അസ്ഥിരത ഒഴിവാക്കാനും സാധിക്കും. അൾട്രാ എച്ച്ഡിആർ (Ultra HDR) പിന്തുണയോടെയുള്ള അപ്ലോഡുകളും ഇനി ആൻഡ്രോയിഡ് 17-ൽ ലഭ്യമാകും.
നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത എഡിറ്റിംഗ്
ഇൻസ്റ്റാഗ്രാമിന്റെ എഡിറ്റിംഗ് ആപ്പുകളിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പ്രത്യേക AI ടൂളുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
* സ്മാർട്ട് എൻഹാൻസ്: ഒറ്റ ക്ലിക്കിലൂടെ വീഡിയോകളുടെയും ചിത്രങ്ങളുടെയും നിലവാരം വർദ്ധിപ്പിക്കാം.
* സൗണ്ട് സെപ്പറേഷൻ: വീഡിയോകളിൽ നിന്ന് അനാവശ്യമായ ശബ്ദങ്ങളും കാറ്റും നീക്കം ചെയ്ത് ശബ്ദം വ്യക്തമാക്കാൻ ഈ ടൂൾ സഹായിക്കുന്നു. തന്ത്രപരമായ മാറ്റങ്ങൾ
കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കുന്നതിലൂടെ ആൻഡ്രോയിഡ് ഫോണുകളുടെ ജനപ്രീതി വർദ്ധിപ്പിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം.
സാംസങ് മുൻപ് ഇതേ തന്ത്രം പരീക്ഷിച്ച് വിജയിച്ചിരുന്നു. യുവതലമുറ കൂടുതലായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാൽ, ക്രിയേറ്റർമാർക്ക് മികച്ച അനുഭവം നൽകുന്ന ഫോണുകൾക്ക് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
നിലവിൽ ആൻഡ്രോയിഡ് 17 ബീറ്റാ പതിപ്പിലാണ് ഉള്ളത്. പിക്സൽ ഉപകരണങ്ങളിലും മറ്റ് പങ്കാളി ഫോണുകളിലും ഈ മാറ്റങ്ങൾ ലഭ്യമാകുന്നതോടെ യഥാർത്ഥ ഗുണനിലവാരത്തിലുള്ള അപ്ലോഡുകൾ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

