കോയമ്പത്തൂർ അന്നൂർ റോഡിൽ അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനത്തിനുള്ളിലെ കിണറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും അതിഥിത്തൊഴിലാളിയുമായ ഛോട്ടാ ലാൽ മണ്ഡൽ (32) ആണ് ശിരുമുഖ പൊലീസിന്റെ പിടിയിലായത്.
27 വയസ്സുകാരിയായ സംഗീതാദേവി ആണ് കൊല്ലപ്പെട്ടത്. 15 അടി താഴ്ചയുള്ളതും അഞ്ചടി വെള്ളമുള്ളതുമായ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
പ്രദേശത്തെ തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. പ്രദേശത്തുനിന്നും മാറിനിന്ന 10 പേരെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഛോട്ടാ ലാൽ മണ്ഡൽ പ്രതിയാണെന്ന് സ്ഥിരീകരിച്ചത്.
നാട്ടിലേക്ക് (ബിഹാർ) കടന്നുകളഞ്ഞ പ്രതി, ജോലിയുടെ സാഹചര്യം വിലയിരുത്താനായി തിരികെ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഭാര്യയുടെ മുൻകാല ബന്ധങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. ഇയാൾ കരാർ അടിസ്ഥാനത്തിൽ ഈ സ്ഥാപനം വൃത്തിയാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
ഇതിനിടയിലാണ് ഭാര്യയെ ഇവിടെ എത്തിച്ച് കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

