രാജ്യത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന വിപണി സംവിധാനത്തിന് നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഇഎക്സ്) തുടക്കമിടുന്നു. ജൂൺ ഒന്നു മുതൽ നിലവിൽ വരുന്ന ഈ പദ്ധതിക്ക് ‘റെയിൻ മുംബൈ’ (RAINMUMBAI) എന്നാണ് പേര് നൽകിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ നിമിത്തം ബിസിനസ് മേഖലയിലുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ ഫലപ്രദമായി നേരിടാൻ കമ്പനികളെയും വ്യാപാരികളെയും ഈ സംവിധാനം സഹായിക്കും. സാധാരണ ഓഹരി വിപണിയിൽ ഓഹരി കൈമാറ്റം നടക്കുമ്പോൾ, ഡെറിവേറ്റീവ് വിപണിയിൽ കമ്മോഡിറ്റികൾ, ബോണ്ടുകൾ, കറൻസികൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
ഇതിന് സമാനമായി മഴയെ ഒരു വ്യാപാര ഉപാധിയായി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഈ പദ്ധതിയിൽ ഭൗതികമായ ചരക്കുകൈമാറ്റം ഉണ്ടായിരിക്കില്ലെന്നും, മറിച്ച് ലാഭനഷ്ടങ്ങൾ പണമായി മാത്രം കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഔദ്യോഗിക അംഗീകാരത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുംബൈയിലെ സാന്താക്രൂസ്, കൊളാബ സ്റ്റേഷനുകളിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവായിരിക്കും ഇടപാടുകൾക്കുള്ള അടിസ്ഥാനം.
ഒരു മില്ലിമീറ്റർ മഴയ്ക്ക് 50 രൂപ എന്ന നിരക്കിലായിരിക്കും ലോട്ട് സൈസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 50 ലോട്ടുകളായോ അതിന്റെ ഗുണിതങ്ങളായോ വാങ്ങുവാൻ സാധിക്കും.
മുംബൈയിൽ മഴയെത്തുടർന്ന് ലോജിസ്റ്റിക്സ്, കൃഷി, വൈദ്യുതി, എഫ്എംസിജി, ബാങ്കിങ് എന്നീ മേഖലകൾക്ക് വലിയ തോതിൽ സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ട്. കാലാവസ്ഥയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഇത്തരം ബിസിനസ് മേഖലകൾക്ക് നഷ്ടം കുറയ്ക്കാനും, കൃത്യമായ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഈ പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

