2027-ലെ ഓസ്കാര് പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രശസ്ത മറാത്തി ചലച്ചിത്രം ‘ഗോന്ധൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി. ശേഷാദ്രിയാണ് ചിത്രത്തിന്റെ തിരഞ്ഞെടുപ്പ് വാർത്ത പുറത്തുവിട്ടത്.
വിവിധ ഭാഷകളിലായി മത്സരത്തിനെത്തിയ 33 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ഈ മറാത്തി ചിത്രം ഓസ്കാർ വേദിയിലേക്ക് രാജ്യത്തെ പ്രതിനിധീകരിക്കാൻ അർഹത നേടിയത്. സന്തോഷ് ദവാഖർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ‘ഗോന്ധൾ’, ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ്.
നവദമ്പതികൾക്കായി ഒരു ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങും, അതിനോടനുബന്ധിച്ച് അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം അടിസ്ഥാനമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഇന്ത്യയിൽ നിന്ന് ഓസ്കാറിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മറാത്തി ചിത്രമെന്ന നേട്ടവും ഇതിലൂടെ ‘ഗോന്ധൾ’ സ്വന്തമാക്കിയിട്ടുണ്ട്. ‘ശ്വാസ്’ (2005), ‘ഹരിശ്ചന്ദ്രാച്ചി ഫാക്ടറി’ (2009), ‘കോർട്ട്’ (2015) എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച മറ്റ് മറാത്തി ചിത്രങ്ങൾ.
14 ഹിന്ദി ചിത്രങ്ങളും, നാല് വീതം മറാത്തി, തെലുങ്ക്, ഗുജറാത്തി ചിത്രങ്ങളും, മൂന്ന് തമിഴ് ചിത്രങ്ങളും ഉൾപ്പെടെയുള്ള വൻ മത്സരത്തെ മറികടന്നാണ് ഈ നേട്ടം. മുൻപ് സിൽവർ പീകോക്ക് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യൻ സിനിമാലോകം വെച്ചുപുലർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

