ഏഴു മാസത്തോളമെത്തിയ ഇറാൻ യുഎസ് യുദ്ധത്തിന് എന്നു പരിഹാരമാകും എന്ന ചോദ്യത്തിന്മേൽ രാജ്യാന്തര നിക്ഷേപകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഈ യുദ്ധപരിഹാരം ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് കാലാവധിക്കു ശേഷമായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന മുന്നറിയിപ്പ്.
നിലവിൽ യുഎസ് സൈന്യം ചുമത്തിയിരിക്കുന്ന സൈനിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കാലം താങ്ങാൻ ഇറാനു കഴിഞ്ഞേക്കും. ഇതോടെ യുദ്ധം 2029 ജനുവരി വരെ നീണ്ടേക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ എന്നിവർ ട്രംപിനു മുന്നറിയിപ്പ് നൽകി.
2025ലാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. എന്നാൽ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാൻ യുദ്ധം അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പ്രതികരിച്ചു.
അതിനു മുൻപ് എണ്ണവില കുറയാനും സാധ്യതയില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധത്തിന് അവസാനമാകുമെന്നാണ് താൻ കരുതുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള ചർച്ചകൾ സാധ്യമാണെങ്കിലും ഇക്കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധത്തിലും എണ്ണ വില ഉയരുന്നതിലും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. എണ്ണവില കുതിച്ചുയരുന്നു പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തിൽ കൂടുതൽ തടസമുണ്ടാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കയറ്റം തുടരുകയാണ്.
ഇന്നലെ ബാരലിന് 100 ഡോളർ പിന്നിട്ട ബ്രെന്റ് ക്രൂഡോയിൽ വില 101 ഡോളറിന് മുകളിൽ തുടരുകയാണ്.
ഡബ്ല്യുടിഐ ക്രൂഡ് 96.34 ഡോളറിലും മർബൻ 116 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ കപ്പലുകളെ ആക്രമിച്ചതിന് പകരമായി ഇന്നലെ അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ യുഎസ് സൈന്യം തകർത്തതോടെയാണ് സംഘർഷം കൂടുതൽ രൂക്ഷമായത്.
കപ്പലുകൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നത് ക്രൂഡോയിൽ വില ബാരലിന് 120 ഡോളറിന് മുകളിലെത്തിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സ്വർണവിലയിൽ തിരിച്ചുകയറ്റം കഴിഞ്ഞ ദിവസങ്ങളിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവില ഇന്നലെ തിരിച്ചു കയറി.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് സ്വർണവിലയ്ക്ക് പിന്തുണയായത്. എന്നാൽ ക്രൂഡോയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്.
ഇത് അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും കൂട്ടി. നിലവിൽ 60 ശതമാനം സാധ്യതയാണ് വിപണി കാണുന്നത്.
അങ്ങനെയെങ്കിൽ സ്വർണവില ഇടിയും. ഇന്നും നാളെയുമായി യുഎസിൽ നിന്ന് പുറത്തു വരുന്ന ഉൽപാദന, പണപ്പെരുപ്പ കണക്കുകൾ ഇനി നിർണായകമാകും.
ഓഹരി വിപണിയിലെ തകർച്ച തുടർച്ചയായ മൂന്നാം ദിവസവും ഇടിവു നേരിട്ടതോടെ സെൻസെക്സ് മൂന്നു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 813 പോയിന്റ് (1.08%) ഇടിഞ്ഞ സെൻസെക്സ് 74,764 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
203 പോയിന്റാണ് (0.86%) നിഫ്റ്റിയുടെ ഇന്നലത്തെ നഷ്ടം. ഇതോടെ നിഫ്റ്റി സൂചിക 23,450 പോയിന്റിനു താഴെയെത്തി.
നഷ്ടത്തിൽ തുടങ്ങിയ സൂചികകൾ ഇടയ്ക്ക് തിരിച്ചു വരവിന്റെ സൂചനകൾ കാട്ടിയിരുന്നുവെങ്കിലും വിൽപന സമ്മർദം കനത്തത് തിരിച്ചടിയായി. ഐടി, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസ് ഓഹരികളിൽ വലിയ തോതിൽ വിൽപന നടന്നു.
രാജ്യാന്തര ക്രൂഡോയിൽ വില വർധനയാണ് വിപണിയെ കടുത്ത ക്ഷീണത്തിലാക്കിയത്. ഇന്ത്യൻ ഓഹരി വിപണിയുടെ ആശങ്ക സൂചികയായ വിക്സ് ഇന്നലെ 6 ശതമാനമാണ് ഉയർന്നത്.
ഇത് ഉയർന്ന ചാഞ്ചാട്ട സാധ്യതയാണ് കാണിക്കുന്നത്.
പശ്ചിമേഷ്യയിലെ സ്ഥിതി വഷളാകുകയും എണ്ണ വില ഉയരുകയും ചെയ്താൽ വരും ദിവസങ്ങളിലും വിപണി സൂചികകൾ ഇടിയാനാണ് സാധ്യത. ഐടി മേഖലയിൽ ട്രംപാഘാതം ഇന്ത്യൻ ഐടി മേഖലയിൽ വീണ്ടും ട്രംപാഘാതം ആവർത്തിച്ചു.
ഐടി ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനികളുടെ വിപണി മൂല്യത്തിൽ 55,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിഫ്റ്റി ഐടി നാലു ശതമാനത്തോളം ഇടിഞ്ഞു. കോഫോർജ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടിസിഎസ്, കോഗ്നിസന്റ് തുടങ്ങിയ ഐടി ഓഹരികളെല്ലാം നഷ്ടത്തിലായി.
പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ കോഗ്നിസന്റിന്റെ ‘പെർമനന്റ് ലേബർ സർത്ഥിഫിക്കേഷൻ ഫയലിങ്’ സസ്പെൻഡ് ചെയ്യാനുള്ള യുഎസ് തൊഴിൽ വകുപ്പിന്റെ പ്രഖ്യാപനമാണ് ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വിസ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് സസ്പെൻഷനെന്നാണ് വിശദീകരണം.
വിദേശ തൊഴിലാളികളെ യുഎസിലെത്തിക്കാനുള്ള നടപടികളുടെ ആദ്യ ഘട്ടമാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ ഫയലിങ്. ഇതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായും തൊഴിൽ വകുപ്പ് ആരോപിക്കുന്നു.
ഇക്കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്നും വകുപ്പ് വ്യക്തമാക്കി. സമാന നടപടി മറ്റ് ഇന്ത്യൻ ഐടി കമ്പനികൾക്കും നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഓഹരികൾക്ക് തിരിച്ചടിയായത്.
യുഎസിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കോഗ്നിസന്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നടപടി. കോഫോർജ് ചെയർമാൻ സ്ഥാനത്തു നിന്ന് ഒ.പി.ഭട്ട് രാജിവച്ചതും ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയായി.
കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ പ്രകടനം തൃപ്തികരമല്ലെന്ന ഓഡിറ്റ് റിപ്പോർട്ടിനു പിന്നാലെയാണ് ഈ രാജി. ഇതോടെ കമ്പനി ഓഹരികൾ ഒമ്പത് ശതമാനത്തോളം ഇടിഞ്ഞു.
ഇതിനു പുറമെ ബ്രോക്കറേജ് സ്ഥാപനമായ കാപെക്സ് ഇന്ത്യൻ ഐടി മേഖലയെക്കുറിച്ച് നടത്തിയ പ്രവചനവും നിർണായകമായി. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ഇന്നും നഷ്ടം തുടരാനാണ് സാധ്യത.
ഏഷ്യൻ വിപണികൾ പലതും നഷ്ടത്തിലാണ്. യുഎസ് ഓഹരി ഫ്യൂച്ചറുകളും ഇടിവിലാണ്.
ഉയർന്ന ക്രൂഡ് വിലയും ബോണ്ട് യീൽഡുകളും പണപ്പെരുപ്പ ഭീഷണിയും അടിസ്ഥാന പലിശ നിരക്കിനുള്ള സാധ്യതയും വർധിപ്പിച്ചിട്ടുണ്ട്. ഗിഫ്റ്റ് നിഫ്റ്റി 90 പോയിന്റോളം നഷ്ടത്തിലാണ്.
ഇന്ത്യൻ വിപണി സൂചികകൾ നഷ്ടത്തോടെയോ കാര്യമായ നേട്ടമില്ലാതെയോ വ്യാപാരം ആരംഭിക്കുമെന്നാണ് സൂചന. യുഎസിലും ഓഹരി വിപണിയിൽ നഷ്ടം യുഎസ് ഓഹരി വിപണി ഇന്നലെയും നഷ്ടം തുടർന്നു.
സർക്കാർ കടപത്രങ്ങൾ തിരിച്ചു വാങ്ങുമെന്ന പ്രഖ്യാപനം വകവെക്കാതെ നിക്ഷേപകർ യുഎസ് ട്രഷറി ബോണ്ടുകൾ വിറ്റതാണ് തിരിച്ചടിയായത്. ക്രൂഡോയിൽ വില ഉയർന്നതിനു പിന്നാലെ പണപ്പെരുപ്പ ഭീഷണി വർധിച്ചതും വിപണിയെ ബാധിച്ചു.
ഡൗ ജോൺസ് സൂചിക 0.77 ശതമാനവും എസ് ആൻഡ് പി 0.48 ശതമാനവും നാസ്ഡാക് 0.64 ശതമാനവും ഇടിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

