തൃശൂര്‍: മലയാളഭാഷയ്ക്ക് റോക്ക് സംഗീതത്തിന്റെ അമര്‍ഷവും രോഷവും കൊണ്ടുവന്ന ഗിത്താറിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹത്തിന്റെ കൂട്ടുകാര്‍. ഒരു പാട് സംഗീതസ്വപ്നങ്ങള്‍ ബാക്കിവെച്ച് 52ാം വയസ്സില്‍ വിട പറഞ്ഞ ജോണ്‍ പി വര്‍ക്കിക്ക് ആദരവായാണ് അദ്ദേഹത്തിന്റെ കോളെജ് സഹപാഠികളും സംഗീതയാത്രയിലെ സുഹൃത്തുക്കളും ചേര്‍ന്ന് ജനവരി 25ന് സെന്റ് അലോഷ്യസ് കോളെജില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇന്റര്‍ കോളെജിയറ്റ് സംഗീത മത്സരമാണ് പ്രധാനപരിപാടി. പിന്നീട് വൈകുന്നേരം മസാല കഫേ എന്ന ബാന്റ് അവരുടെ പരിപാടി അവതരിപ്പിക്കും. രാവിലെ 9.30ന് ആരംഭിയ്ക്കുന്ന പരിപാടി രാത്രി ഒമ്പത് മണിവരെ നീളും. ജോണിന്റെ സുഹൃത്തായ വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കള്‍ ഈ കൂട്ടായ്മയ്ക്ക് പിന്നിലുണ്ട്.
അവിയല്‍ എന്ന റോക്ക് ബാന്റിന് നട നട…നട…, ഞാന്‍ ആരാ, ആരാണ്ടാ തുടങ്ങിയ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് വന്‍ ഹിറ്റായതോടെ ജോണ്‍ പി. വര്‍ക്കി യുവതലമുറയുടെ ഹരമായി. പാശ്ചാത്യലോകത്തെ കിടുക്കിയ അമര്‍ഷത്തിന്റെയും രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും നിരാശയുടെയും റോക്ക് സംഗീതം എന്ന മഹാസാഗരം മലയാള ഭാഷയ്ക്ക്ും വഴങ്ങും എന്ന് തെളിയിച്ച ജോണിന്റെ പരീക്ഷണം പിന്നീടങ്ങോട്ട് അടുത്ത തലമുറകള്‍ ഏറ്റെടുക്കുകയായിരുന്നു.
ജോണ്‍ തൃശൂരിലെ മറ്റ് മൂന്നു സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപീകരിച്ച ജിഗ്സോപസില്‍ എന്ന ബാന്റ് നടത്തിയ പരീക്ഷണം പുതുമയാര്ന്നതായിരുന്നു. ബി.എം.ജി. ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്സോപസില്‍ മൂന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കി.നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയാ മോഹന്‍ അഭിനയിച്ച തീക്കനല്‍ വാരിയെറിഞ്ഞു സൂര്യന് എന്ന ജിഗ്സോപസില്‍ ഗാനം മലയാളത്തിലേക്ക് റോക്ക് സംഗീതത്തെ ആനയിക്കുന്ന ജോണിന്റെ ആദ്യപരീക്ഷണമായിരുന്നു. പിന്നീട് നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയുള്ള പരീക്ഷണം ആരംഭിച്ചു. അതാണ് പിന്നീട് ജനപ്രിയമായ അവിയല്‍ ബാന്റ് ഗാനങ്ങള്‍ക്ക് വഴിവെച്ചത്. അപ്പോഴേക്കും റെക്സ് പി. വിജയനും ജോണിന്റെ സംഗീതയാത്രയുടെ അവിഭാജ്യഘടകമായി. രണ്ടു പേരും ഒരുമിച്ചപ്പോള്‍ ജോണിന്റെ റോക്ക് ഗാനങ്ങള്‍ സാങ്കേതികമായി കൂടുതല്‍ പൂര്‍ണ്ണത കൈവരിച്ചുവെന്ന് പറയാം.
അതിന് ശേഷം സിനിമയിലും ഒരു കൈ ജോണ്‍ പയറ്റി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ജോണിന്റേതായിരുന്നു. നെയ്ത്തുകാരന്, ഒളിപോര്, ഉന്നം,ഈട,പെണ്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്ക്കാരം നേടിയിരുന്നു.
നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ കൈയ്യടി നേടിയ വൃക്തിയാണ്. തന്റെ ജീവിതകാലത്തില്‍ പല ബാന്റുകളും സൃഷ്ടിച്ചു. പിന്നീടവയെ പിരിച്ചുവിടാനും മടിച്ചില്ല. ഇതില്‍ തുടക്കം ജിഗ്സോപസില്‍ എന്ന ബാന്റ് ആയിരുന്നു. പിന്നീട് അവിയല്‍ ബാന്റിലും പ്രവര്‍ത്തിച്ചു. ഏറ്റവുമൊടുവില്‍ സ്ലോ പെഡലേഴ്സ് എന്ന ഒരു ബാന്റും രൂപീകരിച്ചിരുന്നു. മലയാള കവിതകളെ പാശ്ചാത്യസംഗീതത്തിലേക്ക് സന്നിവേശിപ്പിക്കാനായിരുന്നു ശ്രമം.
സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച ജോണ്‍ സിനിമാസംഗീതം, റോക്ക് ബാന്റ് സംഗീതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്ക് സ്വകാര്യമായി ഗിത്താര്‍ ക്ലാസുകളും നല്‍കിയിരുന്നു.തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന് വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനായി ജനിച്ച ജോണ്‍ പി വര്‍ക്കി ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും ഗിറ്റാറില്‍ എട്ടാം ഗ്രേഡ് പാസായിട്ടുണ്ട്. തുടര്‍ന്നാണ് ഗിറ്റാറിസ്റ്റായി തുടങ്ങി സംഗീതസംവിധായകനും സംഗീത അധ്യാപകനും വരെയുള്ള യാത്ര ജോണ്‍ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]