കൊച്ചി: തന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. നിർമാതാക്കളുടെ സംഘടനയിൽനിന്ന് തന്നെ പുറത്താക്കാൻ ശ്രമിച്ചവരിൽ ബി.ഉണ്ണിക്കൃഷ്ണനടക്കമുള്ളവരുടെ പങ്ക് വലുതാണ്. അവസരം തരില്ലെന്ന് പരസ്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാൻ പറ്റാത്ത ഒരാളായതുകൊണ്ട് മിണ്ടാതെ കേട്ടുനിൽക്കാനേ പറ്റിയുള്ളൂ. ഒരു പുരുഷന്റെ മുഖത്തുനോക്കി അദ്ദേഹം ഇങ്ങനെ പറയുമോയെന്നും സാന്ദ്രാ തോമസ് ചോദിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
നമ്മുടെ ഇൻഡസ്ട്രിയിലെ ആളുകൾക്കെതിരെ പരാതി നൽകുകയും പൊരുതേണ്ടിവരികയുമൊക്കെ ചെയ്യുന്നത് സങ്കടമുള്ള കാര്യമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സ്വന്തം തൊഴിലിടത്തിൽനിന്ന് പോരാടി സിനിമ ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നത് കുറച്ച് മോശമായ കാര്യമാണ്. വിഷമമുള്ള കാര്യമാണെങ്കിലും മുന്നോട്ടുപോവുകയല്ലാതെ നിവൃത്തിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായപ്പോൾ അത് തുറന്നുപറഞ്ഞതിന്റെ പേരിലും കേസായതിന്റെ പേരിലും തന്നെ അവിടെനിന്ന് പുറത്താക്കാനായി ബി.ഉണ്ണിക്കൃഷ്ണനടക്കമുള്ളവർ വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ പത്ത് പതിനാലുവർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പീഡനത്തിൽനിന്നാണ് ഈ കേസ് വരെ എത്തിനിൽക്കുന്നതെന്നും അവർ വ്യക്തമാക്കി.
“കേസു കൊടുത്തതിന്റ പേരിലാണ് സംഘടനയിൽനിന്ന് പുറത്താക്കുന്നത്. ഇതൊക്കെ എന്നെ ഭയപ്പെടുത്തി പിന്നോട്ടുമാറ്റാൻ ഇവർ നടത്തുന്ന ശ്രമങ്ങളാണ്. കൂടാതെ പരസ്യമായി അദ്ദേഹം പലവട്ടം എന്നെ ഇനി സിനിമ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. തിരിച്ച് സംസാരിക്കുന്ന, ചോദ്യം ചെയ്യുന്നയാളെ ഒരാളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരിക്കില്ല. അതുകൊണ്ടായിരിക്കാം എന്നെ സിനിമ ചെയ്യാൻ സമ്മതിക്കില്ലെന്നും ഫെഫ്ക എന്നോട് സഹകരിക്കില്ല എന്ന് പറയാൻ കാരണം. ഫോണിലും അല്ലാതെയും ചേംബറിൽ എല്ലാവരും ഇരിക്കുന്ന സഭയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബി.ഉണ്ണിക്കൃഷ്ണൻ ഇതൊരു പുരുഷന്റെ മുഖത്തുനോക്കി പറയുമോ? പ്രതികരിക്കാൻ പറ്റാത്ത ഒരാളായതുകൊണ്ട് മിണ്ടാതെ കേട്ടുനിൽക്കാനേ പറ്റിയുള്ളൂ.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇൻഡസ്ട്രിയിൽ പോസിറ്റീവായ മാറ്റങ്ങളുണ്ടാവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിന്റെ ഭാഗമായാണ് ഒരു മോശം അനുഭവമുണ്ടായപ്പോൾ പ്രതികരിച്ചതും കേസ് കൊടുത്തതും. എന്തെങ്കിലും സംഭവിക്കുമെന്ന് പലർക്കും പേടിയായിരുന്നെങ്കിൽ ആ ഭയം ഇപ്പോൾ ഇല്ലാതായി. കേസ് കൊടുക്കുന്ന ആളുകളെ പുറത്താക്കിയാൽ അതിനെ ചോദ്യംചെയ്യാനൊന്നും ആരുമില്ല. അപ്പോഴും അവരുടെ സ്വച്ഛാധിപത്യം സുഗമമായി നടന്നുപോവുകയാണ്. ആരും അവരെ ചോദ്യംചെയ്യാനില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.”
ബി.ഉണ്ണിക്കൃഷ്ണനോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല. എന്നാൽ അദ്ദേഹം പറയുന്നതും ചെയ്യുന്നതും തമ്മിൽ ബന്ധമില്ല. സാന്ദ്ര ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഫെഫ്ക അതിനോട് സഹകരിക്കും എന്ന് അദ്ദേഹം പറയുകയാണെങ്കിൽ അപ്പോഴാണ് കൂടുതൽ ഭയക്കേണ്ടത്. അങ്ങനെ പലരോടും ചെയ്തിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം എല്ലാം ഒന്നുകൂടി മോശമാവുകയാണ് ചെയ്തത് എന്നാണ് തോന്നുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]