
കൊച്ചി: നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനെതിരെ കേസ്. ഹേമാ കമ്മിറ്റിയിൽ മൊഴിനൽകിയതിന്റെ വിരോധത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയും നിർമാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സിനിമയിൽ അവസരം നിഷേധിക്കുകയാണ്. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് സിനിമയിൽനിന്ന് മാറിനിൽക്കേണ്ടിവന്നിരിക്കുകയാണ്. സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് പരാതിയിൽ പറഞ്ഞു.
സെൻട്രൽ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പിന്നീടിവർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരമാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ഈ നടപടി എറണാകുളം സബ് കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]