
തിരിച്ച് തല്ലാൻ കഴിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തി മരിക്കും. കരുത്തനായ ഒരു ഗുണ്ടയുടെ ഈ സംഭാഷണമാണ് ജോണി എന്ന നടന് കിട്ടിയ ഏറ്റവും മികച്ച സംഭാഷണം. ആ സംഭാഷണവും ആ പാത്രസൃഷ്ടിയും സമ്മാനിച്ചതോ കഥാപാത്രങ്ങളിലൂടെ ആഴത്തിലേക്കിറങ്ങി സഞ്ചരിച്ച ലോഹിതദാസ് എന്ന എഴുത്തുകാരൻ.
സേതുമാധവൻ എന്ന മോഹൻലാൽ ചെയ്ത കഥാപാത്രത്തിന് ഇവിടെ ഭീഷണി ആകുകയായിരുന്നില്ല പരമേശ്വരൻ എന്ന കഥാപാത്രം. സേതുവെന്ന കഥാപാത്രത്തിന് പ്രചോദനം നൽകുകയായിരുന്നു അല്ലെങ്കിൽ ശിഷ്ടകാലം പിടിച്ച് നിൽക്കുവാൻ ഒരു ഹേതു ആകുകയായിരുന്നു കിരീടത്തിലെ പരമേശ്വരൻ എന്ന ജോണി ചെയ്ത കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു കിരീടത്തിലൂടെ തുടക്കം കുറിച്ച് ചെങ്കോലിൽ പൂർണ്ണത വന്ന പരമേശ്വരൻ എന്ന കഥാപാത്രം.
ഇതൊക്കെ ലോഹിതദാസിനെക്കൊണ്ട് മാത്രമേ കഴിയൂ എന്ന് എന്റെ ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിൽ അഭിനയിക്കുവാൻ വന്നപ്പോൾ ജോണി പറഞ്ഞത് ഇന്നും ഓർക്കുന്നു. ലോഹിതദാസ് സൃഷ്ടിച്ച ആ ഒരു ഡയലോഗ് പഠിക്കുവാൻ വളരെ ഏറെ പ്രയത്നിച്ചതായും അദ്ദേഹം പറഞ്ഞു.ഹൈദ്രോസ് എന്ന ക്വട്ടേഷൻ കവല ചട്ടമ്പിയായി കൊച്ചിൻ ഹനീഫ മിന്നിത്തിളങ്ങിയ സിനിമ കൂടി ആയിരുന്നു കിരീടം.
കുന്നംകുളം മാർക്കറ്റിൽ നടന്ന ഒരു കഥയെ ആധാരമാക്കി ലോഹിതദാസ് കിരീടം എഴുതി തുടങ്ങുമ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് മട്ടാഞ്ചേരി എന്ന എന്റെ ജന്മസ്ഥലത്തെ ചില ആസ്ഥാന ചട്ടമ്പികളുടെ സ്വഭാവവും ജീവിത രീതികളുമായിരുന്നു. കിരീടത്തിന്റെ പാത്രസൃഷ്ടിയുടെ പേറ്റുനോവിനു മുമ്പേ ഞാൻ ലോഹിയേട്ടനുമായി ബാല്യത്തിൽ കണ്ടുമറന്ന ഇത്തരം കഥാപാത്രത്തിലൂടെ സഞ്ചരിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥനെ കുത്തിമലർത്തി എന്ന് സ്വയം അഹങ്കരിക്കുന്ന പൊട്ട പാനൂസ് ഇബ്രാഹിമും ഇരയെ മലർത്തി അടിക്കുന്ന ഖാജാ ഖാലിദും എന്റെ ബാല്യത്തിൽ കൗതുകമുണർത്തുന്ന ഗുണ്ടകൾ ആയിരുന്നു. അതിൽ രണ്ടാമൻ തികച്ചും ചടയൻ ആയിരുന്നു എന്ന് ദീർഘമായ പഠനത്തിലൂടെ മനസ്സിലായതാണ് ഒരുകാലത്ത്. ഇരുവരും ചേർന്നൊരു സംഘട്ടനം ഉണ്ടായി. അത് മൂന്ന് ദിവസം നീണ്ട് നിന്നു.
സംഘട്ടനങ്ങളുടെ ഇടവേളകളിൽ പൊട്ട പാനൂസ് ഇബ്രാഹിമും ഖാജാ ഖാലിദും വിശ്രമിക്കും വീണ്ടും ഇടി തുടങ്ങും. മാളികപ്പുറമായ എന്റെ തറവാട്ടിലിരുന്ന് ഞാൻ ഈ സംഘട്ടനം ബാല്യത്തിൽ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. ഇതൊക്കെ കേട്ട് ഏറെ ആസ്വദിച്ചിരുന്നു ലോഹിതദാസ്. പരമേശ്വരനും ഹൈദ്രോസും ആ തൂലികയിലൂടെ പിറന്നപ്പോൾ ആ കഥാപാത്രങ്ങളുടെ ആഴം മനസ്സിലാക്കിയ സിബി മലയിൽ എന്ന് സംവിധായകനെ ഞാൻ സമ്മതിച്ചു. കേട്ടറിവ് പോലുമില്ലാത്ത പാത്ര സൃഷ്ടിയെ അദ്ദേഹം ഉൾക്കൊണ്ടു. അത് തികച്ചും ജനിതകമായ കഴിവുകൾ തന്നെ.
ജോണി എന്ന സിനിമാതാരം വെറും പാവം ആയിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് അദ്ദേഹത്തിന് ഏറെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒരു പരമേശ്വരനിൽ എല്ലാം ഒതുങ്ങി. ലോഹിതദാസ് ജീവിച്ചിരുന്നെങ്കിൽ ജോണി എന്ന നടന് കൂടുതൽ നല്ല വേഷങ്ങളിൽ തിളങ്ങുവാൻ സാധിക്കുമായിരുന്നു. വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ പറ്റിയ താരങ്ങളിൽ ഒരാളായിരുന്നു ജോണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിൽ തന്നോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രയുടെ വിയോഗ ദിവസം അദ്ദേഹം ഫോണിൽ കുറെ അധികനേരം എന്നോട് സംസാരിച്ചു. എന്തായാലും നല്ല ഒരു ജ്യേഷ്ഠ സഹോദര സുഹൃത്തിന്റെ വിയോഗത്തിൽ ഏറെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രണാമം, അദ്ദേഹത്തിന്റെ ആത്മാവ് സ്വസ്ഥമായിരിക്കട്ടെ…