മുംബൈ: വീട്ടില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ കുത്തേറ്റതിന് പിന്നാലെ നടന് സെയ്ഫ് അലി ഖാന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സെയ്ഫ് അലി ഖാനും കുടുംബവും നടന് റോണിത് റോയിയുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി ഏജന്‍സിയുടെ സേവനം തേടിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെയ്ഫിനോടൊപ്പം തങ്ങളുണ്ടെന്ന് റോണിത് റോയിയും ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.
നടന് റോണിത് റോയിയുടെ ഉടമസ്ഥതയിലുള്ള ‘ഏയ്സ് സെക്യൂരിറ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍’ കമ്പനിയാണ് സെയ്ഫ് അലി ഖാന് സുരക്ഷയൊരുക്കുന്നത്. ‘ഏയ്സ് സ്ക്വാഡ് സെക്യൂരിറ്റി’ എന്നപേരിലാണ് ഈ ഏജന്‍സി അറിയപ്പെടുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന് തുടങ്ങിയവര്‍ക്കെല്ലാം സുരക്ഷയൊരുക്കുന്നത് ഇതേ ഏജന്‍സിയാണ്.
കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാന് ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. ആശുപത്രിയിലടക്കം ‘ഏയ്സ് സ്ക്വാഡ് സെക്യൂരിറ്റി’യുടെ ജീവനക്കാര്‍ നടനൊപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സെയ്ഫിന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍ സെക്യൂരിറ്റി ഏജന്‍സി ഉടമയായ റോണിത് റോയിയെയും കണ്ടിരുന്നു. ബാന്ദ്രയിലെ വീടിന് മുന്നില്‍ റോണിത് റോയ് പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. നേരത്തെ സെയ്ഫ് അലി ഖാന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലീലാവതി ആശുപത്രിയിലും റോണിത് റോയിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനിടെ, സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]