മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ വീണ്ടും സിസിടിവിയില്‍ പതിഞ്ഞു. ആക്രമണ ശേഷം മറ്റൊരു വസ്ത്രത്തിലാണ് ഇയാള്‍ ക്യാമറയില്‍ പതിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി ഇയാള്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.
ആക്രമണ ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ മുംബൈ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ദൃശ്യം കൂടി ലഭിച്ചിരിക്കുന്നത്. ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യമാണിത്. നീല ഷര്‍ട്ട് ആണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.
ആക്രമണത്തില്‍ ഭാഗ്യം കൊണ്ടാണ് സെയ്ഫ് അലിഖാന് ഗുരുതര പരിക്കില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തിയുടെ കഷ്ണം നീക്കം ചെയ്തത്. അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും കാര്യമായ വേദനയില്ലെന്നും അവര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ നിന്ന് സെയ്ഫിനെ മാറ്റിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ വിശ്രമിക്കാനും ആശ്വാസം തോന്നിയാല്‍ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആശുപത്രിവിടാമെന്നും ന്യൂറോസര്‍ജനായ ഡോ. നിതിന്‍ ഡാങ്കേ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
വീട്ടിലെ ഫയര്‍ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]