വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരം സുഖംപ്രാപിച്ച് വരികയാണ്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കയാണ് ഭാര്യയും സിനിമാ താരവുമായ കരീന കപൂര്‍ ഖാന്. സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കരീന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
“കഴിഞ്ഞ ദിവസം രാത്രി ഞങ്ങളുടെ വീട്ടില്‍ ഒരു മോഷണ ശ്രമമുണ്ടായി. സെയ്ഫിന് കൈയ്ക്ക് പരിക്കേല്‍ക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. ക്ഷമയോടെയിരിക്കണമെന്നും കൂടുതല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ ക്ഷേമാന്വേഷണത്തിന് നന്ദി”, കരീനയുടെ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് അറിയിച്ചു. ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു. കരീനയുടെ സഹോദരി കരിഷ്മ, അടുത്ത സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവരായിരുന്നു ഡിന്നറിന് ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]