നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത് സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമായ “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഔദ്യോഗികമായി സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
വരുന്ന സെപ്റ്റംബർ 18-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അഖില ഭാർഗവൻ നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്. കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം.
സൂപ്പർ ഹിയറിങ് ശേഷി ലഭിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന രസകരവും കൗതുകകരവുമായ സംഭവവികാസങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഷറഫുദ്ദീനും അഖില ഭാർഗവനും ചിത്രത്തിൽ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രി സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു.
മികച്ച മേക്കിംഗ് നിലവാരവും ശബ്ദലേഖനത്തിനും സൗണ്ട് ഡിസൈനും നൽകിയിരിക്കുന്ന പ്രത്യേക പ്രാധാന്യവും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉയർന്ന സാങ്കേതിക തികവോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ശബ്ദമിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നിലവാരം തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കിയപ്പോൾ, ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് കരസ്ഥമാക്കി. കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.
ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ – രാകേഷ് ചെറുമഠം, സംഗീതം – മുജീബ് മജീദ്, സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രങ്ങൾ – ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം – അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിമേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്, വി.എഫ്.എക്സ് – പ്രൊമൈസ് വി.എഫ്.എക്സ്, മാർജ്ജാര വി.എഫ്.എക്സ്, അസ്സോസിമേറ്റ് ഡയറക്ടർ – മുബീൻ റാഫി, പ്രൊജക്ട് ഡിസൈനർ – അമൃത മോഹൻ, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – സിനറ്റ് സേവ്യർ, പി.ആർ.ഒ – ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

