
ദുബായ്: നിവിൻപോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുമായുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമേയം തന്റെ തിരക്കഥയായ ‘ആൽക്കെമിസ്റ്റി’ൽനിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിൽ ദുബായിൽ ആരോപിച്ചു.
ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങൾ തുടങ്ങി ഒട്ടേറെ സന്ദർഭങ്ങൾ തന്റെ തിരക്കഥയിൽനിന്നെടുത്തതാണ്. ‘ആൽക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യപേരെന്ന് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ട്-സാദിഖ് കാവിൽ പറഞ്ഞു.
2020 മുതൽ തന്റെ ചിത്രത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ സംവിധാനം ചെയ്യാൻ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ പിൻമാറി. അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസ്സാം റാവുത്തറുമായി കഥയും തിരക്കഥയും പങ്കുവെച്ചിരുന്നുവെന്നും സാദിഖ് കാവിൽ പറഞ്ഞു.
‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥയും ആശയവുമെല്ലാം തന്റേതാണെന്ന് മറ്റൊരു എഴുത്തുകാരൻ നിഷാദ് കോയ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിനിമാരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന യുവചലച്ചിത്ര പ്രവർത്തകരെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സാദിഖ് കാവിലിനൊപ്പമുണ്ടായിരുന്ന സംവിധായകൻ ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവർ അഭിപ്രായപ്പെട്ടു.