കൊച്ചി: ആയ്നയുടെ മാന്ത്രിക വിരലുകളുടെ സ്പര്ശമേറ്റപ്പോള് കുപ്പി തുറന്നുവിട്ട ഭൂതം പോലെ ആ ഭ്രമലോകത്തേക്ക് പടര്‍ന്ന സംഗീതത്തിന്റെ പുകച്ചുരുളുകള്‍. ആ നേരത്ത് അവളുടെ ബൂട്ടിട്ട പാദങ്ങള്‍ ദ്രുതചലനങ്ങളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഉച്ചവെയിലില്‍ ഓരോ ആസ്വാദകനും നിലയ്ക്കാത്ത ചലനങ്ങളുടെ ആള്‍രൂപങ്ങളായി. ഓരോ ഉടലും ഇളകിയാട്ടങ്ങളുടെ നേര്‍ചിത്രങ്ങളായ നേരത്ത് കൊച്ചിയുടെ കൊട്ടാരമുറ്റം വാന്‍ഗോഗിന്റെ ഒരു കാന്‍വാസ് പോലെ തോന്നി. സംഗീതത്തിന്റെയും നൃത്തത്തിന്റെയും നിറങ്ങള്‍ വാരിയെറിഞ്ഞ് ആ കാന്‍വാസില്‍ വരച്ച ചിത്രത്തിന് ആഹ്ലാദാരവങ്ങളോടെ അവരെല്ലാം ചേര്‍ന്ന് ഒരു ക്യാപ്ഷന്‍ നല്കി… മാതൃഭൂമി കപ്പ കള്‍ച്ചര്‍, ദി ഇലക്ട്രിക് വൈബ്.
മഞ്ഞിന്റെ പുതപ്പ് മാറ്റി വേനല്‍ച്ചൂടിലേക്ക് പൊള്ളിപ്പടരുന്ന ജനുവരിയെപ്പറ്റി ആശങ്കയുടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞാണ് ശനിയാഴ്ച പകലില്‍ കള്‍ച്ചറിന്റെ രണ്ടാംദിനം ഉണര്‍ന്നത്. കാലാവസ്ഥ മാറിമറിയുമ്പോഴും ഭൂമി ചുട്ടുപഴുക്കുമ്പോഴും ധ്രുവങ്ങള്‍ ഉരുകിത്തുടങ്ങുമ്പോഴും എന്താണ് പോംവഴിയെന്ന് കള്‍ച്ചര്‍ ടോക്കില്‍ പങ്കെടുത്തവര്‍ ചോദിച്ചപ്പോള്‍ ആശങ്ക കൂടുകൂട്ടിയ മുഖവുമായി കാണികള്‍ അതിലേക്ക് കാതോര്‍ത്തു.
ചര്‍ച്ചയുടെ മേഘങ്ങള്‍ നിറഞ്ഞ കള്‍ച്ചറിന്റെ ആകാശം വൈകാതെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും മഴമേഘങ്ങളിലേക്ക് കൂടുമാറുമ്പോള്‍ ആസ്വാദകരും ഉടലുകളും പതുക്കെ ഇളകിത്തുടങ്ങി. ജാഗ്സും ഗാന്ധാറും ആയ്നയും ഹംസ റഹ്മത്തുള്ളും സിന്ധി ക്യൂറിയുമാണ് കള്‍ച്ചറിന്റെ രണ്ടാം പകലില്‍ കപ്പ സ്റ്റേജില്‍ ആവേശത്തിന്റെ മഴത്തുള്ളികളായി പെയ്യാന്‍ തുടങ്ങിയത്. മഴത്തുള്ളികള്‍ ചേര്‍ന്ന് സംഗീതത്തിന്റെ വലിയൊരു പുഴയായി മാറാന്‍ അധിക നേരം വേണ്ടിവന്നില്ല.
ആയ്നയുടെ ദ്രുത സംഗീതം പകര്‍ന്ന ലഹരിയായിരുന്നു രണ്ടാം പകലില്‍ കള്‍ച്ചറിന്റെ ഭൂമികയില്‍ ആസ്വാദകര്‍ക്കിടയില്‍ അലയടിച്ചത്. ഡിസ്കോയിലും ഇലക്ട്രോയിലും ബ്രേക്സിലുമൊക്കെ ആയ്നയുടെ വിരലുകള്‍ തീര്‍ത്ത മാന്ത്രിക സംഗീതത്തിന്റെ അലകളില്‍ ബോള്‍ഗാട്ടിയിലെ പുല്‍നാമ്പുകള്‍ പോലും നൃത്തമാടുന്നതായി തോന്നി.
സംഗീതത്തിന്റെ പെരുമഴയ്ക്കിടയില്‍ നൃത്തച്ചുവടുകളുടെ ഇടിമിന്നലുകളും ഇതിനിടയില്‍ എത്രയോ തവണയാണ് തെളിഞ്ഞത്. ഡാന്‍സ് കള്‍ച്ചറില്‍ വിലേഷും വിക്കിയും അനന്തുവും സാരംഗും ജനനി കലാസൂത്രയും സാമന്തും ലൂസിഡുമൊക്കെ ഇളകിയാടുമ്പോള്‍ ഓരോ ആസ്വാദകനും ആ വിസ്മയ ലോകത്തേക്ക് വന്നണഞ്ഞു. ഡാന്‍സും പാട്ടും തകര്ക്കുന്നതിനിടയില് ആസ്വാദകരില്‍ ചിലര്‍ ഫുഡ് കള്‍ച്ചറിന്റെയും ഗെയിം കള്‍ച്ചറിന്റെയും മൂവ്മെന്റ് കള്‍ച്ചറിന്റെയും ആര്‍ട്ട് കള്ച്ചറിന്റെയുമൊക്കെ ലോകത്തേക്ക് ഇടയ്ക്കിടെ എത്തിനോക്കിക്കൊണ്ടേയിരുന്നു.
ഇറ്റലിക്കാരി ജോര്‍ജിയ ആന്ഗുലിയും ബ്രൗണ്‍ കോട്ട് എന്ന നവേദ് ഖാനും ഹാനെസ് ബിയേഗറും തീര്‍ത്ത സംഗീത പ്രപഞ്ചമായിരുന്നു രണ്ടാംദിനം കള്‍ച്ചര്‍ സ്റ്റേജില്‍ നിറഞ്ഞുതുളുമ്പിയത്. വേനല്‍ച്ചൂടില്‍നിന്ന് രാവിന്റെ ചെറിയൊരു തണുപ്പിലേക്ക് കൂടുമാറുമ്പോള്‍ കള്‍ച്ചര്‍ വേദിയിലെ സംഗീത പ്രപഞ്ചത്തിന് മറ്റൊരു വൈബായിരുന്നു. കള്‍ച്ചറിന്റെ വിസ്മയ ഭൂമികയില്‍ അവരെല്ലാം നൃത്തച്ചിറകുകള് പൂണ്ട മനുഷ്യപ്പക്ഷികളായി. അവരെല്ലാം വീണ്ടും വരച്ചിട്ടത് ആ വാചകം തന്നെയായിരുന്നു… മാതൃഭൂമി കപ്പ കള്‍ച്ചര്‍, ദി ഇലക്ട്രിക് വൈബ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]