
തന്നെ കെണിയില്‍ വീഴ്ത്തിയതാണെന്ന് ആരോപിച്ച് സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു. തനിക്ക് സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ രന്യ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ പൊട്ടിക്കരഞ്ഞു. ശരീരത്തില്‍ ഒളിപ്പിച്ച 12 കോടിയോളം വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് രന്യ ഡിആര്‍ഐയുടെ പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയ രന്യയുടെ വെളിപ്പെടുത്തലുകള്‍ കേസിന് പുതിയ മാനം നല്‍കിയിട്ടുണ്ട്. കുടുക്കിയതാണെന്ന് വ്യക്തമാക്കിയ രന്യ തനിക്ക് വിശ്രമിമില്ലായിരുന്നുവെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.
ദുബായിലേക്ക് മാത്രമല്ല താന്‍ യാത്ര നടത്തിയിരുന്നതെന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും യാത്ര നടത്തിയ താന്‍ വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ ക്ഷീണതയാണെന്നും മൊഴി നല്കി. ക്ഷീണതയാണെന്ന് പറഞ്ഞ് മറ്റു യാത്രകളുടെ വിശദാംശങ്ങള്‍ നല്കാന് രന്യ വിസമ്മതിച്ചതായും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ച്ചയായി ദുബായ് സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നാണ് രന്യ ഡിആര്‍ഐയുടെ റഡാറില്‍ അകപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രന്യ 30 ഓളം തവണ ദുബായ് സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. 15 ദിവസത്തിനിടെ നാലു തവണ ദുബായ് സന്ദര്‍ശനം നടത്തുകയും ഒരേ വസ്ത്രം ധരിച്ചു തന്നെ യാത്രകള്‍ നടത്തിയതുമാണ് രന്യയെ വലയിലാകുന്നതിലേക്ക് നയിച്ചത്. ഓരോ ദുബായ് യാത്രകളിലും കിലോ കണക്കിന് സ്വര്‍ണം കടത്തിയിരുന്ന രന്യ പ്രോട്ടോക്കോള്‍ സംരക്ഷണം ദുരുപോയോഗം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിനിടെയാണ് മറ്റു രാജ്യങ്ങളിലേക്കും രന്യ യാത്രകള്‍ നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്നും കുടുക്കിയെന്നുമുള്ള മൊഴികള്‍ അന്വേഷണ സംഘം പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
രന്യയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മറ്റു ആശയവിനിമയ സംവിധാനങ്ങളും കസ്റ്റഡിയിലെടുത്ത ഡിആര്‍ഐ ഇത് തുറന്ന് പരിശോധിക്കുന്നതിനുള്ള ശ്രമത്തിലാണ്. സ്വര്‍ണക്കടത്ത് മാഫിയയുമായുള്ള രന്യയുടെ ബന്ധവും കര്‍ണാടകയിലും വിദേശത്തുമുള്ള ഇതിന്റെ കണ്ണികളേയും തേടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചെന്നൈയില്‍ 2024-ല്‍ നടന്ന സ്വര്‍ണക്കടത്തുമായി രന്യയുടെ കേസിന് ബന്ധമുണ്ടോയെന്നും ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്. രന്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
ഇതിനിടെ രന്യയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കസ്റ്റഡി കാലയളവില്‍ രന്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡിആര്‍ഐ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]