സാമൂഹിക മാധ്യമത്തിലെ സൈബര്‍ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച് നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താന്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് ഹണി കുറിച്ചത്.
ഹണിറോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല.
ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.
എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സര്‍ഗാത്മകമായതോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരേ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും.
ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.
സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് നടത്തിയ പരസ്യ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30- ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.
ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മനഃപൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പരയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.
ദ്വയാര്‍ഥ പ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവര്‍ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ് പറയുന്നു.
പണത്തിന്റെ ധാര്ഷ്ട്യത്തില് ഏത് സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ? അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേയെന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നടി കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]