ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ പാൻ ഇന്ത്യൻ ഹിറ്റായി മാറുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും, തെലുങ്കിലും തമിഴിലുമെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർക്കോയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് വിക്ടർ. പുതുമുഖതാരം ഇഷാൻ ഷൗക്കത്ത് ആണ് മാർക്കോയുടെ സഹോദരനായ വിക്ടറായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച വിക്ടർ എന്ന കഥാപാത്രത്തെ പറ്റിയും മാർക്കോ അനുഭവങ്ങളും ഇഷാൻ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.
മാർക്കോയിലേക്ക്
വളരെ വൈകി മാർക്കോയിലേക്ക് എത്തിയ ആളാണ് ഞാന്‍. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പാണ് ഞാൻ കാസ്റ്റ് ചെയ്യപ്പെടുന്നത്. കണ്ണ് കാണാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് എന്ന് കൂടി അറിഞ്ഞപ്പോള്‍ കിട്ടിയ സമയം കൊണ്ട് പരമാവധി റിസര്‍ച്ചുകള്‍ ചെയ്തു. കാഴ്ചാപരിമിതിയുള്ള ആള്‍ക്കാരുടെ അഭിമുഖങ്ങള്‍ കണ്ടു. എന്റെ കുടുംബത്തില്‍ തന്നെ ഭാഗികമായി കാഴ്ചാപരിമിതിയുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ തന്നെ അത്തരം ആള്‍ക്കാരുടെ ശരീരഭാഷയെക്കുറിച്ച് ഐഡിയ കിട്ടി. സാധാരണയായി കണ്ണ് കാണാന്‍ പറ്റാത്തവര്‍ എന്ന് പറയുമ്പോള്‍ തന്നെ ഓവര്‍ ആയി ചെയ്യാനായിരിക്കും ശ്രമിക്കുക. പക്ഷെ ഇതിനെകുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അവര്‍ക്കും ലൈറ്റും ഷാഡോസും ഒക്കെ അറിയാൻ കഴിയുമെന്ന് മനസ്സിലാക്കി. ഇതൊക്കെയായിരുന്നു എന്റെ തയ്യാറെടുപ്പുകൾ.
ഇഷാൻ ഷൗക്കത്ത് | ഫോട്ടോ: Special Arrangement
പിന്നീട് സെറ്റിലേക്ക് എത്തിയപ്പോള്‍ ഡയറക്ടര്‍ ഹനിഫ് അദേനിയുടെയും ഉപദേശം ലഭിച്ചിരുന്നു. സ്ഥിരം സിനിമകളില്‍ കാണുന്ന പോലെ കൂളിങ് ഗ്ലാസുകളും ലെന്സുകളുമൊന്നും വയ്ക്കാതെ നാച്ചുറലായി തന്നെ ചെയ്യാനായിരുന്നു ശ്രമം. ആദ്യ സിനിമയായത് കൊണ്ട് തന്നെ ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് സീന്‍ അഭിനയിച്ച് കഴിഞ്ഞാല്‍ അധികം മോണിറ്റര്‍ നോക്കാറില്ല. അങ്ങനെ ചെയ്താൽ കോണ്‍ഷ്യസ് ആകാന്‍ ചാന്‍സ് ഉണ്ട്. ഡയറക്ടറിലുള്ള വിശ്വാസത്തിലാണ് ഞാന്‍ ഓരോ സീനും അഭിനയിച്ചത്. അതുകൊണ്ട് എത്ര ക്രെഡിറ്റ് എടുക്കാന്‍ നോക്കിയാലും ഹനീഫ് അദേനി തന്നെയാണ് ഈ ക്യാരക്ടറിന്റെ വിജയത്തിന് പിന്നില്‍.
മാർക്കോയുടെ ഇമോഷണൽ ലോക്ക്
ഇതൊരു ആക്ഷന്‍ സിനിമയാണ്. സിനിമയിലെ പ്രധാനപ്പെട്ട ആക്ഷന്‍ സീനുകള്‍ വര്‍ക്ക് ആകണമെന്നുണ്ടെങ്കില്‍ ഞാന്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളുടെ ഇമോഷണല്‍ സീനുകള്‍ വര്‍ക്കായേ മതിയാകൂ. അത് പരമാവധി നന്നാക്കി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. അതില്‍ വിജയിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല ഉണ്ണി ചേട്ടനുമായുള്ള (ഉണ്ണി മുകുന്ദൻ) ബോണ്ട് വളരെ നന്നായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. ഷൂട്ടിന്റെ സമയത്ത് ഒരു തുടക്കക്കാരനായിരുന്നിട്ട് കൂടി എന്നോട് വളരെ ഓപ്പണ്‍ ആയിട്ടാണ് ഉണ്ണി ചേട്ടന് പെരുമാറിയത്. അതുകൊണ്ട് തന്നെ ആ സീനുകളിലേക്ക് വന്നപ്പോള്‍ നന്നായി തന്നെ നമ്മള് തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വര്‍ക്കൗട്ട് ആയി. ഈ ഒരു വൈകാരികതയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ പരമാവധി നന്നായി പെര്‍ഫോം ചെയ്യണമെന്ന് ഡയറക്ടറും പറഞ്ഞിരുന്നു. സ്ക്രിപ്റ്റിലും അത് വ്യക്തമായിരുന്നു.
ഹോംവർക്ക്
നമ്മള് സിനിമയില്‍ കാണാത്ത ഒരുപാട് ബാക്ക്സ്റ്റോറികള്‍ ചിലപ്പോള്‍ ഓരോ കഥാപാത്രങ്ങള്‍ക്കും ഉണ്ടാകും. ചിലപ്പോള്‍ അത് ഡയറക്ടര്‍ തന്നെ പറഞ്ഞുതരും അതല്ലെങ്കില്‍ നമ്മുടെ ഒരു തൃപ്തിക്ക് വേണ്ടി നമുക്ക് തന്നെയുണ്ടാക്കാം. അതിന് വേണ്ടി റിസര്‍ച്ചും ചെയ്യാം. വിക്ടര്‍ എന്ന കഥാപാത്രത്തിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബപശ്ചാത്തലം തന്നെ കോംപ്ലിക്കേറ്റഡ് ആണ്. വിക്ടര്‍ കാണുന്ന പോലെ അല്ല മറ്റുള്ളവര്‍ മാര്‍ക്കോയെ കാണുന്നത്. അവര്‍ തമ്മില്‍ അത്രയ്ക്ക് ആത്മബന്ധം ഉണ്ട്. ആ ആത്മബന്ധം അഭിനയത്തിലേക്ക് കൊണ്ടുവരാനായി മനസ്സില്‍ ഒരു ബാക്ക്സ്റ്റോറി സൃഷ്ടിച്ചെടുത്തിരുന്നു. അതിന് ഡയറക്ടറിന് ബ്രീഫ് തരേണ്ടി വന്നില്ല. അതെന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ സൃഷ്ടിച്ചെടുത്തതാണ്. ആ കുടുംബത്തിലെ ബാക്കി എല്ലാവരും വിക്ടറിനെ ഒരു ബാധ്യത ആയിട്ടാണ് കാണുന്നത്. എന്നാല്‍ മാര്‍ക്കോ മാത്രമാണ് വിക്ടറിനെ ഒരു വ്യക്തിയായിട്ട് കാണുന്നത്. അല്ലെങ്കില്‍ ശക്തിയായിട്ട് കാണുന്നത്. മാര്‍ക്കോയ്ക്ക് വേണ്ടി ആ വീട്ടില്‍ സംസാരിക്കാന്‍ അതുകൊണ്ട് വിക്ടര്‍ മാത്രമേ ഉണ്ടാവുകയുമുള്ളു. അങ്ങനെ ചില ഹോംവര്‍ക്കുകള്‍ ഞാന്‍ ചെയ്തു.
ഇഷാൻ ഷൗക്കത്ത് | ഫോട്ടോ: Special Arrangement
വിക്ടർ ഉയർത്തിയ വെല്ലുവിളി
കണ്ണുകാണാന്‍ സാധിക്കാത്ത കഥാപാത്രമെന്നത് തന്നെയാണ് എറ്റവും വലിയ വെല്ലുവിളി. ആദ്യമായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത് തന്നെ. ഏതുമീറ്ററിലാണ് ഈ കഥാപാത്രം പിടിക്കേണ്ടത് എന്നുള്ള ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. വിക്ടര്‍ ഒരു പെര്ഫ്യൂമറാണ്. ഇയാളുടെ സ്മെല്ലിങ് സെന്‍സ് ആണ് ഏറ്റവും ശക്തം. അത് നമ്മള് എങ്ങനെ സ്ക്രീനിലെത്തിക്കും എന്നുള്ളത് മറ്റൊരു വെല്ലുവിളിയായിരുന്നു. ആദ്യത്തെ ഒന്നുരണ്ട് ഷോട്ട് എടുക്കുമ്പോള്‍ അത് സ്ഥാപിക്കുന്ന തരത്തില്‍ കുറച്ച് ഓവര്‍ ആയിട്ടാണ് ഞാന്‍ ചെയ്തത്. അത് കഴിഞ്ഞപ്പോള്‍ ഇത് വളരെ സൂക്ഷ്മമായി ചെയ്താല്‍ മതിയെന്ന് ഡയറക്ടര്‍ വന്നു പറഞ്ഞു. അപ്പൊ ആ ഒരു സെന്‍സ് ഓഫ് സ്മെല് സ്ക്രീനില്‍ കാണിക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. പക്ഷെ പതിയെ ഞാൻ ആ ട്രാക്കിലേക്ക് വന്നു.
ഉണ്ണിമുകുന്ദനുമായുള്ള കോമ്പിനേഷന്‍
ഉണ്ണിമുകുന്ദനുമായിട്ടുള്ള കോമ്പിനേഷൻ സീനുകൾ ആയിരുന്നില്ല ആദ്യ ദിവസങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ടായിരുത്. പക്ഷെ ഞങ്ങളുടെ വിവിധ സീനുകളുടെ ഷൂട്ടിങ് നടന്നത് ഒരേ ലൊക്കേഷനിലായിരുന്നു. അതുകൊണ്ട് ആ ദിവസങ്ങളിലെല്ലാം ഞങ്ങൾ ഒരുമിച്ച് തന്നെ സെറ്റിലുണ്ടായിരുന്നു. ആ സമയത്ത് നമുക്ക് ഒരുപാട് സംസാരിക്കാൻ സാധിച്ചു. പേഴ്സണൽ കാര്യങ്ങളായാലും കഥാപാത്രങ്ങളെക്കുറിച്ചായാലും ഒരുപാട് സംസാരിച്ചതിന് ശേഷമാണ് ഞങ്ങളുടെ കോമ്പിനേഷൻ സീനുകൾ ഷൂട്ട് ചെയ്യുന്നത്.
വളരെയധികം അനുഭവസമ്പത്തുള്ള നടനാണ് ഉണ്ണിച്ചേട്ടൻ പക്ഷെ എന്നെപ്പോലെ ആദ്യ പടം ചെയ്യുന്ന ഒരു വ്യക്തിയോട് വളരെ ഫ്രീ ആയിട്ടാണ് ഇടപെട്ടത്. ഇത്രയും വലിയ സ്കെയിലിലുള്ള പടത്തിലാണ് താൻ അഭിനയിക്കാൻ പോകുന്നത് എന്ന പേടി എനിക്കുണ്ടായിരുന്നു. അതൊക്കെ മാറ്റിയത് ഉണ്ണിച്ചേട്ടന്റെ പെരുമാറ്റമാണ്. അത്തരത്തിലുള്ള ഒരു ആത്മബന്ധം വളർന്നതിന് ശേഷമാണ് നമ്മൾ തമ്മിലുള്ള സീനുകൾ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് സ്ക്രീനിൽ വിക്ടറിലേക്കും മാർക്കോയിലേക്കും കൊണ്ടുവരാൻ കഴിഞ്ഞു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.
ഇഷാൻ ഷൗക്കത്തും ഉണ്ണി മുകുന്ദനും | ഫോട്ടോ: Special Arrangement
പ്രത്യേകം പലരും എടുത്ത് പറഞ്ഞ സീൻ ആയിരുന്നു കണ്ണുകാണാത്ത വിക്ടർ കാറോടിക്കുന്ന സീൻ. അവസാന ഷെഡ്യൂളൊക്കെ ആയപ്പോളാണ് അത് ഷൂട്ട് ചെയ്യുന്നത്. നേരത്തെ പറഞ്ഞപോലെ തന്നെ ഉണ്ണിച്ചേട്ടനുമായുള്ള സൗഹൃദം അത്രത്തോളം തന്നെ വളർന്നുകഴിഞ്ഞിരുന്നു. ആ സീനിനെ പറ്റി പലർക്കും സംശയമുണ്ടായിരുന്നു. കണ്ണുകാണാത്ത ഒരാൾ കാറോടിച്ചാൽ അത് പിന്നീട് പ്രേക്ഷകർക്ക് വർക്കാകാതെ വരുമോ എന്നും ട്രോൾ ആകുമോ എന്നുമൊക്കെ സംശയമുണ്ടായിരുന്നു. പക്ഷെ ഹനീഫ് സർ നല്ല ആത്മവിശ്വാസത്തിലായിരുന്നു. കാരണം മാർക്കോ എന്ന കഥാപാത്രത്തിന്റെ എക്സ്ട്രീം സെെഡ് കാണിക്കുന്ന രംഗമായിരുന്നു അത്. സ്നേഹമാണെങ്കിൽ അങ്ങേയറ്റം അല്ലെങ്കിൽ ഭ്രാന്തമായ ദേഷ്യം. അത്തരത്തിൽ വിക്ടറിന് വേണ്ടി മാർക്കോ ഏതറ്റം വരെയും പോകുമെന്ന് കാണിക്കുന്ന രംഗം കൂടിയാണ് വിക്ടറിന്റെ ഡ്രെെവിങ് മോഹം പറയുന്ന രംഗം.
കണ്ണുകാണാതെ വിക്ടർ വണ്ടിയോടിക്കുമ്പോൾ അവന് കിട്ടുന്ന അഡ്രിനാലിൻ റഷ് അത് മുഖത്ത് കാണണമെന്നാണ് ഡയറക്ടർ എനിക്ക് തന്ന ബ്രീഫ്. ഒരു പേടിയും വേണ്ട ധെെര്യമായി ചെയ്തോ ഞാൻ കൂടെയുണ്ടെന്ന് ഉണ്ണിച്ചേട്ടൻ പറഞ്ഞു. അതോടെ എനിക്ക് കോൺഫിഡൻസായി. കിട്ടിയ ബ്രീഫും പിന്നെ ഉണ്ണിച്ചേട്ടനുമായി ചർച്ച ചെയ്ത് എങ്ങനെ ചെയ്യണമെന്നുമൊക്കെ തീരുമാനിച്ച് ഷോട്ട് എടുക്കുകയായിരുന്നു.
ഇഷാൻ ഷൗക്കത്ത് | ഫോട്ടോ: Special Arrangement
പിന്നെ ഓരോ സീനും ചെയ്യുമ്പോൾ ഞാൻ കാരണം റീഷൂട്ട് പോകേണ്ടി വരരുതെന്നും ചിത്രീകരണം വെെകരുതെന്നുമുള്ള നിർബന്ധം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് എന്നെക്കൊണ്ട് കഴിയാവുന്ന അത്ര തയ്യാറെടുപ്പ് നടത്തിയിട്ടാണ് സെറ്റിലേക്ക് എത്തിയിരുന്നത്. പിന്നെ എത്ര തെറ്റുപറ്റിയാലും കുഴപ്പമില്ല വീണ്ടും വീണ്ടും ചെയ്ത് മികച്ചതാക്കാവുന്നതേയുള്ളു. കാരണം പ്രേക്ഷകർക്ക് അതൊന്നും അറിയേണ്ട കാര്യമില്ല, അവർക്ക് ക്വാളിറ്റി ഔട്ട്പുട്ട് കിട്ടിയാൽ മതിയെന്ന് ഉണ്ണിച്ചേട്ടനും ഹനീഫ് സാറുമൊക്കെ പറയുമായിരുന്നു.
സിനിമയിലേക്കുള്ള വഴി
സിനിമ അഭിനയം തന്നെയാണ് പ്രധാന ലക്ഷ്യമെങ്കിലും അതിന് മുൻപ് സിനിമ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാൻ സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറായാൽ സിനിമയിലെ എല്ലാ മേഖലയിലും ജോലി ചെയ്യാൻ സാധിക്കുമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. അതിന് മുൻപ് ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഡെഡ്ലൈന്. എന്റെ സഹോദരൻ ഷിഹാൻ ആണ് അത് സംവിധാനം ചെയ്തത്. അതിന് നല്ല അഭിപ്രായം ലഭിക്കുകയും കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരണങ്ങൾ
ഒരുപാട് ആൾക്കാർ സിനിമ കണ്ടതിന് ശേഷം അഭിനയത്തെക്കുറിച്ച് എന്നോട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. പക്ഷെ അത് ചിലപ്പോൾ ഫോർമാലിറ്റി ആയിരിക്കാം. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ ഏറ്റവും ആത്മാർഥമായ പ്രതികരണം എന്റെ കുടുംബത്തിൽ നിന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവർ സിനിമയുടെ ആദ്യ ഷോ കാണാൻ വേണ്ടി മാത്രം ദുബായിൽ നിന്ന് നാട്ടിലെത്തിയിരുന്നു. അവർക്കൊപ്പമാണ് ഞാൻ സിനിമ കണ്ടത്. വളരെ ഇമോഷണൽ ആയിരുന്നു. അഭിമാനം നൽകുന്ന നിമിഷങ്ങളായിരുന്നു അത്.
ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ
ഇഷാൻ ഷൗക്കത്ത് | ഫോട്ടോ: Special Arrangement
ഫ്രെെഡേ ഫിലിം ഹൗസിന്റെ പടക്കളം എന്ന ചിത്രമാണ് അടുത്ത റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തും. ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന മഹേഷ് നാരായണൻ മമ്മൂട്ടി മോഹൻലാൽ ചിത്രത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് ഉള്ള ചിത്രത്തിൽ ഒരു വേഷം കിട്ടുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇനിയും ഇതുപോലെ നല്ല വേഷങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]